അമ്പലപ്പുഴ : കൊറോണ സംശയനിവാരണത്തിന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ശേഷം കടന്നുകളഞ്ഞ ബ്രിട്ടീഷ് ദമ്പതികളെ വെള്ളിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ കണ്ടെത്തി. എയർപോർട്ടിലെ മെഡിക്കൽ ടീം ഇടപെട്ട് ഇവരെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ്ധ പരിശോധനകൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് ശേഖരിച്ചു.
ടാക്സിയിലാണ് ഇവർ ആലപ്പുഴയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോയത്. ഈ ടാക്സി ഡ്രൈവർ വെള്ളിയാഴ്ച രാത്രി തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു. ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിലാക്കി.
വെള്ളിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ വിദേശ ദമ്പതികളെ ഐസോലേഷൻ വാർഡിലേക്കു മാറ്റിയിരുന്നു. രക്ത സാമ്പിൾ എടുക്കാൻ ഇവർ അനുവദിച്ചില്ല. വൈകിട്ട് നാലരയോടെ എ.ടി.എം കൗണ്ടറിൽ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങി മുങ്ങുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
ഐസൊലേഷൻ വേണമെന്നറിഞ്ഞ് രക്ഷപ്പെട്ടതാണെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ദമ്പതിമാരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്.