ആലപ്പുഴ:പുതുശ്ശേരി രാമചന്ദ്രൻ എന്ന എഴുത്തുകാരന്റെയും രാഷ്ട്രീയക്കാരന്റെയും പിറവിക്ക് പിന്നിൽ ആലപ്പുഴ ജില്ലയിലെ ജന്മഗ്രാമമായ വള്ളികുന്നത്തെ മണ്ണിനും വലിയ പങ്കുണ്ട്.ബാല്യ,കൗമാര കാലങ്ങളിൽ വള്ളികുന്നത്തിന്റെ സിരാകേന്ദ്രമായിരുന്ന മണക്കാട് ചന്തയിലെ അന്തിക്കൂട്ടത്തിൽ പ്രധാന അംഗമായിരുന്നു പുതുശ്ശേരി.
സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ സംഘടനാശേഷി വിളിച്ചോതാൻ അദ്ദേഹത്തിന് കഴിഞ്ഞു. കറ്റാനം പോപ്പ് പയസ് ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായി.ഗാന്ധിജിയുടെ ദേശീയ സമര മുന്നേറ്റങ്ങളെക്കുറിച്ച് അറിയാനും ദേശഭക്തിയോടെ സ്വാതന്ത്ര്യ സമരനായകരെ പുകഴ്ത്താനും വിദ്യാഭ്യാസ കാലത്ത് വലിയ ആവേശമാണ് കാട്ടിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അടുത്ത ദിവസം സ്കൂൾ അങ്കണത്തിൽ സഹപാഠികൾക്കൊപ്പം ദേശീയപതാക ഉയർത്തി, ദേശഭക്തിഗാനം ആലപിച്ചാണ് സാമ്രാജ്യത്വശക്തികളെ ആട്ടിയോടിച്ചതിന്റെ ആവേശം പ്രകടമാക്കിയത്.
പിന്നീട് വിപ്ളവ വഴികളിലേക്ക് ചിന്ത തിരിഞ്ഞതിന് പിന്നിൽ മണക്കാട് ചന്തയിലെ അന്തിക്കൂട്ടത്തിന് വലിയ പങ്കുണ്ടായിരുന്നു.വള്ളികുന്നത്ത് അക്കാലത്ത് പോക്കാട്ട് വായനശാല എന്നപേരിൽ ഗ്രന്ഥശാല പ്രവർത്തിച്ചിരുന്നു.പിൽക്കാലത്ത് കമ്യൂണിസ്റ്ര് പ്രസ്ഥാനത്തിന് മദ്ധ്യതിരുവിതാംകൂറിൽ വേരോട്ടമുണ്ടാക്കാൻ പരിശ്രമിച്ചവരിൽ പ്രമുഖനായിരുന്ന കേശവൻപോറ്റി സാർ മണക്കാട് സംസ്കൃത സ്കൂൾ ഹെഡ്മാസ്റ്രറായിരുന്നു. അദ്ദേഹവും പോക്കാട്ട് വായനശാലയിൽ എല്ലാ സായാഹ്നങ്ങളിലും എത്തും.അദ്ദേഹത്തിന്റെ ശിഷ്യന്മാരായ സ്ഥലത്തെ ചെറുപ്പക്കാരും വിദ്യാർത്ഥികളും ഒപ്പം കൂടും. തോപ്പിൽഭാസി, കാമ്പിശ്ശേരി കരുണാകരൻ, തോപ്പിൽ കൃഷ്ണപിള്ള തുടങ്ങിയവർ ഉൾപ്പെട്ട ആ സംഘത്തിൽ പുതുശ്ശേരി രാമചന്ദ്രനും സ്ഥിരാംഗമായി.അന്ന് ഭാരതതൊഴിലാളി എന്ന പേരിൽ ഒരു കൈയെഴുത്തു മാസികയും ഈ സംഘം പുറത്തിറക്കിയിരുന്നു.പുതുശ്ശേരിയുടെ സാഹിത്യ സഹവാസം തുടങ്ങുന്നതും ഈ വഴിക്കാണ്.
ഇതേ കാലയളവിലാണ് വള്ളികുന്നത്ത് വലിയ സാമൂഹിക മാറ്രത്തിന് വഴിതെളിച്ചു കൊണ്ട് കമ്യൂണിസ്റ്ര് പ്രസ്ഥാനത്തിന്റെ രണ്ടാമത് പാർട്ടിഗ്രൂപ്പ് രൂപം കൊള്ളുന്നത്.പുതുപ്പള്ളി രാഘവൻ, കെ.എൻ.ഗോപാലൻ,പേരൂർ മാധവൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതിയൊരു വിപ്ളവ മുന്നേറ്രം തുടങ്ങിയപ്പോൾ, സി.കെ.കുഞ്ഞിരാമൻ, തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, ടി.കെ.തേവൻ, പനത്താഴ രാഘവൻ എന്നിവർക്കൊപ്പം പുതുശ്ശേരിയും ആ മുന്നേറ്റത്തിന്റെ ഭാഗമായി.കമ്യൂണിസ്റ്ര് പ്രവർത്തകരെ ഒതുക്കാൻ പ്രമാണിമാർക്കൊപ്പം പൊലീസും ശക്തമായി നിലകൊണ്ടു. ഇതിനിടെ ശൂരനാട് സംഭവവുമായി ബന്ധപ്പെട്ട് നേതാക്കളിൽ ചിലർ ജയിലിലായി. മറ്രു ചിലർ ഒളിവിലും.സംഘടനാ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ നേതാക്കളില്ലാതെ വന്ന ഘട്ടത്തിലാണ് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ താത്കാലികചുമതല ഏറ്രെടുത്തുകൊണ്ട് പുതുശ്ശേരി സജീവ രാഷ്ട്രീയക്കാരനാവുന്നത്.പിന്നീട് തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് നാട്ടിൽ നിന്ന് പോകുന്നത്. കാലം കഴിഞ്ഞതോടെ അദ്ധ്യാപക ജോലിക്കൊപ്പം എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു.ഏറെ തിരക്കുള്ളപ്പോഴും നാട്ടിൽ നടക്കുന്ന കലാ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം തെല്ലും വൈമുഖ്യം കാട്ടിയിരുന്നില്ല.