ഹരിപ്പാട്: ആറാട്ടുപുഴ പത്തിശേരിൽ ദേവിക്ഷേത്രത്തിലെ തിരുമുടി ദർശന തിരുഉത്സവം ആഘോഷങ്ങൾ ഒഴിവാക്കി ആചാരപരമായ ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊറോണ ബാധയുടെ സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ചാണ് തീരുമാനം. ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പറയെടുപ്പും ക്ഷേത്ര തന്ത്രിയുടെ നിർദേശ പ്രകാരം നിർത്തിവച്ചു. 20ന് കോടിയേറി 29ന് തിരുആറാട്ടോടുകൂടി അവസാനിക്കുന്ന തരത്തിലായിരുന്നു ആഘോഷങ്ങൾ. എല്ലാദിവസവും നിശ്ചയിച്ചിരുന്ന കലാപരിപാടികളും കെട്ടുകാഴ്ചകളും ഒഴിവാക്കി. നൂറ്റാണ്ടുകളായി നടന്നു വരുന്ന തിരുമുടി എഴുന്നള്ളത്ത് ആചാര ക്രമം അനുസരിച്ചു ഭക്തജന പങ്കാളിത്തം കുറച്ചു നടത്താനും തീരുമാനിച്ചു. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് സുനിൽ കുന്തളശേരി, സെക്രട്ടറി പ്രമോദ് ശിവ, ചന്ദ്രൻ ബീയാൻസി, ഡി. ഹരിലാൽ, എസ്. മണിലാൽ എന്നിവർ പങ്കെടുത്തു.