ചാരുംമൂട് : പരാതി നൽകുമെന്ന് പറഞ്ഞ വൃദ്ധനായ ഗൃഹനാഥനെ അയൽവാസിയായ യുവാവ് പട്ടാപ്പകൽ കഴുത്തറുത്ത് കൊന്നു. നൂറനാട് പഞ്ചായത്ത് പുലിമേൽ കാഞ്ഞിരവിളയിൽ ഭാസ്കരൻ (73) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഭാസ്കരന്റെ ഭാര്യ ശാന്തമ്മയ്ക്ക് (66) വെട്ടേറ്റു. സംഭവത്തിൽ പുലിമേൽ തുണ്ടിൽ ശ്യാംസുന്ദറിനെ (24) നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. പിടികൂടാനെത്തിയ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ശ്യാംസുന്ദറിനെ നാട്ടുകാരുടെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാൾ മുമ്പും അക്രമസ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശാന്തമ്മയെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അടുക്കളമുറ്റത്ത് ചക്കവെട്ടുകയായിരുന്ന ഭാര്യ ശാന്തമ്മയുടെ അടുത്തായി അലക്കുകല്ലിനോട് ചേർന്നിരിക്കുകയായിരുന്ന ഭാസ്കരനെ നൂറു മീറ്റർ മാത്രം അകലലെയുള്ള അയൽവീട്ടിൽ നിന്നു ഓടിയെത്തിയ ശ്യാംസുന്ദർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചു. ശാന്തമ്മയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തിവാങ്ങിയാണ് ഭാസ്കരനെ വെട്ടിയത്. തുടർന്ന് കൈയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാസ്കരന്റെ കഴുത്ത് അറുത്തു.
രക്ഷിയ്ക്കാൻ ചെന്ന ശാന്തമ്മയെ വെട്ടുകത്തിയ്ക്ക് വെട്ടിയ ശേഷം ഇയാൾ കടന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭാസ്കരന്റെ മരുമകൾ ജയപ്രഭ നിലവിളിച്ചതോടെ ഓടിക്കൂടിയ പരിസരവാസികളും വിവരമറിത്തെത്തിയ നൂറനാട് പൊലീസും ചേർന്ന് ഭാസ്കരനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു.
ശ്യാംസുന്ദർ വീട്ടിലുണ്ടെന്നറിഞ്ഞ് നൂറനാട് സ്റ്റേഷൻ ഓഫീസർ വി.ബിജുവും സംഘവും എത്തിയെങ്കിലും ഇയാൾ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചു. കായംകുളം ഡി.വൈ.എസ്.പി ആർ.ബിനുവും സംഭവ സ്ഥലത്തെത്തി. ആലപ്പുഴയിൽ നിന്ന് ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി. ശ്യാംസുന്ദർ സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നത് സംബന്ധിച്ച് പരാതി നൽകുമെന്ന് ഭാസ്കരൻ പറഞ്ഞതാകാം കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
മൂന്നു മാസം മുമ്പ് സമീപമുള്ള വീട്ടിലെ ഒന്നര വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ കത്തി വച്ച് ശ്യാംസുന്ദർ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഭാസ്കരന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ : ബാബുക്കുട്ടൻ (സൗദി) ഗീത. മരുമക്കൾ : ജയപ്രഭ, മധു (സൗദി).