ചേർത്തല : കൊറോണാക്കാലത്തെ വിവാഹത്തിന് ജാഗ്രതാ നിർദ്ദേശങ്ങളുടെ അകമ്പടിയുമായി മകരം റെസിഡന്റ്‌സ് അസോസിയേഷൻ. മുഹമ്മ 10ാം വാർഡ് മറ്റത്തിൽ ടാഗോറിന്റെയും പ്രിയയുടെയും മകൾ ശ്രീലക്ഷ്മിയുടെ വിവാഹമാണ് മാതൃകയാകുന്നത്.ഇന്ന് രാവിലെ 9ന് വധൂഗൃഹത്തിലാണ് വിവാഹം. ഫോട്ടോഗ്രാഫറും വടക്കനാര്യാട് നിള പറമ്പിൽ രാജേന്ദ്രന്റെയും ഗീതയുടെയും മകനുമായ രാഹുലാണ് വരൻ. വിവാഹവീട്ടിൽ അതിഥികളെ ബോധവത്ക്കരിക്കുവാനുളള ബോർഡുകളും വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വധരവരൻമാർ മാസ്‌ക് ധരിച്ച് കൊറോണ ബോധവൽക്കരണം നടത്തുന്ന ഫോട്ടോയാണ് പ്രവേശന കവാടത്തിൽ അതിഥികളെ സ്വാഗതം ചെയ്യുക.ആൾക്കൂട്ടം ഒഴിവാക്കുവാനായി പലപ്പോഴായി വന്ന് ആശംസകൾ അർപ്പിക്കാനും ഭക്ഷണം കഴിക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ സന്നദ്ധ പ്രവർത്തകരെയും റെസിഡന്റ്‌സ് അസോസിയേഷൻപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്. മുഴുവൻ ആളുകളേയും നിരീക്ഷിക്കുവാൻ എട്ട് സി.സി.ടി.വി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.