നെൽകർഷകരെ വലച്ച് മില്ലുടമകളുടെ ധാർഷ്ട്യം
ആലപ്പുഴ: തീവെയിലിലും ഈർപ്പത്തിന്റെ പേരുപറഞ്ഞ് മില്ലുടമകൾ കർഷകരെ വലയ്ക്കുന്നു. ക്വിന്റലിന് അഞ്ച് കിലോ കിഴിവ് നൽകണമെന്നാണ് ആവശ്യം.
ചമ്പക്കുളം, എടത്വ, തലവടി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചു. നീലംപേരൂർ കൃഷിഭവന്റെ പരിധിയിൽ വരുന്ന ആര്യാടൻ പാക്കാകോണം, കാഞ്ഞിരക്കോണം പാടശേഖരങ്ങളിലെ കർഷകരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. 297 ഏക്കർ വിസ്തൃതിയുള്ള ഭാഗത്ത് കൊയ്ത്ത് പൂർത്തിയായെങ്കിലും നെല്ല് ഏറ്റെടുക്കാൻ ചുമതലപ്പെട്ട കാലടിയിലെ മില്ലുകാരും ഏജന്റും ഈർപ്പത്തിന്റെ പേരിൽ ക്വിന്റലിന് അഞ്ചുകിലോ കിഴിവ് ആവശ്യപ്പെട്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മില്ലുടമയുടെ ആവശ്യത്തോട് കർഷകർ വിയോജിച്ചതോടെ നെല്ല് സംഭരണം മുടങ്ങുകയായിരുന്നു.
സർക്കാർ നെല്ലു സംഭരണത്തിന് പുറത്തിറക്കിയ മാനദണ്ഡമനുസരിച്ച് 17 ശതമാനം വരെ ഈർപ്പം ഉണ്ടെങ്കിലും ഒരുകിലോ പോലും കിഴിവ് കൊടുക്കേണ്ട. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 14.9 ശതമാനമാണ് ഈർപ്പം കണ്ടെത്തിയത്. എന്നിട്ടും അഞ്ച് കിലോ നെല്ല് കിഴിവ് നൽകണമെന്നാണ് മില്ലുടമകളുടെ ആവശ്യം. 17 ശതമാനത്തിന് മുകളിൽ എത്തിയാൽ പരമാവധി 5 കിലോ നെല്ല് കിഴിവായി നൽകാമെന്നാണ് വ്യവസ്ഥ. മഴക്കാലത്ത് മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചിരുന്നു. ഇപ്പോൾ ഇടയ്ക്ക് പെയ്യുന്ന വേനൽമഴയുടെ പേരിലാണ് ഇപ്പോൾ കിഴിവ് ആവശ്യപെടുന്നത്.
നഷ്ടക്കച്ചവടം
കുട്ടനാട്ടിൽ ഏക്കറിന് ശരാശരി 25 ക്വിന്റൽ നെല്ല് ലഭിക്കും. അഞ്ച്കിലോ വീതം ഒരോ ക്വിന്റലിനും കിഴിവ് നൽകിയാൽ ഒന്നേകാൽ ക്വിന്റൽ നെല്ലാണ് കർഷകർക്ക് നഷ്ടം. കിലോയ്യ്ക്ക് 26.95 രൂപ നിരക്കിലാണ് സർക്കാർ നെല്ല് സംഭരിക്കുന്നത്. മില്ലുടമകളുടെ ആവശ്യം അംഗീകരിച്ചാൽ കർഷകന് ഒരു ഏക്കറിലെ നെല്ല് വിൽക്കുമ്പോൾ 3,368 രൂപയുടെ നഷ്ടമുണ്ടാവും. കാവാലം കൃഷിഭവൻ പരിധിയിലെ കാവാലം കിഴക്കുപുറം പാടത്തും ഈർപ്പത്തിന്റെ പേരിൽ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതായി പരാതിയുയർന്നു. ഇതുസംബന്ധിച്ച് പാഡി ഓഫീസർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു.
.................................
കിഴിവ്
ക്വിന്റലിന് (100 കിലോ) അഞ്ചുകിലോ കിഴിവ് അംഗീകരിച്ചാൽ 95 കിലോയുടെ വില മാത്രമേ കർഷകന് ലഭിക്കുകയുള്ളൂ.
.......................................
വേനൽക്കാലത്ത് അഞ്ച്കിലോ നെല്ല് കിഴിവ് ആവശ്യപ്പെടുന്നത് നീതിക്ക് നിരക്കാത്തതാണ്. മില്ലുടമകളെ നിയന്ത്രിക്കാൻ സർക്കാരും സിവിൽസപ്ളൈസ് കോർപ്പറേഷനും തയ്യാറാവണം
(കർഷകർ)
........................................
മില്ലുടമകളും കർഷകരുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇന്നുമുതൽ നെല്ല് സംഭരണം ആരംഭിക്കും. വേനൽ കണക്കിലെടുത്ത് ക്വിന്റലിന് ഒരു കിലോയാണ് കിഴിവ് പറഞ്ഞിരിക്കുന്നത്. അഞ്ചു കിലോ പറഞ്ഞിട്ടില്ല
(പാഡി ഓഫീസർ, മങ്കോമ്പ്)