ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിൽ ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന മണ്ണഞ്ചേരി ജംഗ്ഷൻ - പുത്തൻപറമ്പ് കായലോരം, അടിവാരം - അത്തർമുക്കു എന്നീ റോഡുകൾ അടിയന്തിരമായി നിർമ്മാണം പൂർത്തീകരിക്കണമെന്നു ലോക് താന്ത്രിക് ജനതാദൾ മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ണഞ്ചേരി - പുത്തൻപറമ്പ് കായലോരം റോഡ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്. റോഡിനു സമാന്തരമായി നിർമ്മിക്കുന്ന കാനയുടെ പണിയും ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. ഇത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൂടുതൽ തൊഴിലാളികളെ വച്ച് സമയബന്ധിതമായി കാനയുടെ നിർമ്മാണവും റോഡിന്റെ നിർമ്മാണവും പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്.അജ്മൽ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.പ്രകാശൻ, എം.ബി.ഉദയമ്മ, പരീത് പുത്തൻപറമ്പിൽ, ബിജു റഷീദ്, എം.പി.സലീം, അനീഷ് തമ്പി, ചന്ദ്രബാബു, എൻ.എൽ.അഫ്‌സൽ, പി.സി.ബിജു, ഗീത ഷാബു, സിയാദ് മേത്തർ, അനിമോൻ തുടങ്ങിയവർ സംസാരിച്ചു.