ചേർത്തല:പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതി. എസ്.എൻ.ഡി.പി യോഗം ആര്യക്കര 5264-ാം നമ്പർ ശാഖ മാനേജിംഗ് കമ്മിറ്റി അംഗം മുഹമ്മ പുതുപറമ്പിൽ കുഞ്ഞുമാേനാണ് മുഹമ്മ പൊലീസിൽ പരാതി നൽകിയത്. മാരാരിക്കുളം സി.ഐ ആയിരുന്ന കെ.എൻ. രാജേഷിന്റെ പേരിലായിരുന്നു ഭീഷണി.
പരാതിയിൽ പറയുന്നത്: ആര്യക്കര ക്ഷേത്രത്തിന് സമീപത്ത് ശാഖയുടെ നേതൃത്വത്തിൽ എല്ലാ മാസവും ചതയദിന പ്രാർത്ഥനയും കന്നി അഞ്ച് ആചാരണവും നടത്തിയിരുന്നു. താത്കാലികമായി പന്തലുകെട്ടിയായിരുന്നു പ്രാർത്ഥന. യൂത്ത്മൂവ്മെന്റ് പ്രവർത്തകർക്കായി ശാഖ മുൻകൈയെടുത്ത് ഇവിടെ ഷട്ടിൽ കോർട്ടും നിർമ്മിച്ചിരുന്നു. അടുത്തകാലത്തായി ഈ കോർട്ടിൽ മുഹമ്മയിലും സമീപ പ്രദേശങ്ങളിലും നിന്നുള്ള കുറച്ചു പേർ ചേർന്ന് ഷട്ടിൽ കളിയും ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞ ജനുവരി മാസത്തിലെ ചതയദിന പ്രാർത്ഥനയ്ക്കിട്ട പന്തൽ ശാഖയുടെ അനുമതിയില്ലാതെ പൊളിച്ചു നീക്കിയത് തർക്കത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ പേരിൽ ശാഖ സെക്രട്ടറി മുഹമ്മ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.ഈ പരാതി നിലനിൽക്കേയാണ് കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ ഫോണിൽ ഭീഷണി വന്നത്. പന്തൽ പൊളിച്ചുമാറ്റിയില്ലെങ്കിൽ കാണിച്ചുതരാം എന്നായിരുന്നു ഭീഷണി.
ആര്യക്കര ദേവീ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വർഷങ്ങളായി കാഴ്ചശ്രീബലിക്ക് സ്വീകരണം നൽകുന്ന ചടങ്ങ് ശാഖയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിയിരുന്നതാണ്. ഇതിനാൽ ചതയ ആഘോഷത്തിന് ഇട്ട പന്തൽ പൊളിച്ചു നീക്കിയിരുന്നില്ല. ഇതാണ് ഭീഷണിക്ക് കാരണം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് എസ്.ഐ.അജയ്മോഹൻ പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശാഖ യോഗം കമ്മിറ്റി ആവശ്യപ്പെട്ടു. ശാഖ ചെയർമാൻ ഡി.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.എം.രാജീവ്, ടി.ഡി.ശശി,കെ.വി.തിരുലാൽ,സി.വി.നടേശൻ എന്നിവർ സംസാരിച്ചു.