ചാരുംമൂട്: മാവേലിക്കര സബ് ആർ.ടി ഓഫീസിന്റെ പരിധിയിൽ വരുന്ന ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ഇനി നൂറനാട്ടും സൗകര്യം. നൂറനാട് പാറ ജംഗ്ഷന് വടക്ക് മുതുകാട്ടുകര ക്ഷേത്രത്തിന് സമീപമാണ് പുതിയ ഫിറ്റ്നസ് പരിശോധനാ സംവിധാനം ഒരുക്കുന്നത്. നിലവിൽ മാവേലിക്കര സബ് ആർ.ടി​.ഒ ഓഫീസിൽ മാത്രമാണ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന. മാവേലിക്കരയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽപെട്ട ആദിക്കാട്ടുകുളങ്ങര, പണയിൽ, താമരക്കുളം, വള്ളികുന്നം എന്നിവി​ടങ്ങളിൽ നിന്നും ഓട്ടോ, ടെമ്പോ ഉൾപ്പടെ ഉള്ള വാഹനങ്ങൾ കൊണ്ട് വരുമ്പോൾ 25 കിലോമീറ്റർ മേൽ ഓടേണ്ടി വരുന്നതും പലപ്പോഴും ആ ദിവസത്തെ ടാക്സി ഓട്ടം നഷ്ടപ്പെടുന്നതും ശ്രദ്ധയിൽ പെട്ടതാണ് ഇത്തരത്തിൽ ഒരു സൗകര്യം ഒരുക്കാൻ കാരണമെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം ജി മനോജ് പറഞ്ഞു. 19ന് വാഹനങ്ങളുടെ ആദ്യ പരിശോധന ആലപ്പുഴ ആർ.ടി.ഒ പി.ആർ സുമേഷ് നിർവഹിക്കും.