മാസങ്ങൾക്കുള്ളിൽ മില്ല് ലാഭത്തിലാക്കുമെന്ന് മന്ത്രി തോമസ് ഐസക്
ആലപ്പുഴ: സംസ്ഥാന ടെക്‌സ്റ്റൈൽ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് പൂർണതോതിലുള്ള ഉത്പാദനത്തിലേക്ക് എത്തിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് വ്യവസായമന്ത്രി ഇ.പി.ജയരാജനും മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം മില്ലിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ രണ്ടുഘട്ടങ്ങളിലായി ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച ചെയ്തു.
കമ്പനിയിൽ നിലവിലുള്ള മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുന്നതിനു മുന്നോടിയായി ബദലി തസ്തികയിൽ നിയമിക്കും. മൂന്നു ഷിഫ്റ്റും ഉത്പാദനം നടത്തുന്നതിന് ആവശ്യമായ നടപടികൾ മാനേജ്‌മെന്റ് സ്വീകരിക്കും. വൈദ്യുതി അലോക്കേഷൻ വർദ്ധിപ്പിക്കുന്നതിനുള്ള മൂന്നുകോടി രൂപയും അനുവദിച്ചതായി അധികൃതർ അറിയിച്ചു. എല്ലാ ഷിഫ്റ്റും പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ 5.88 കോടി രൂപയ്ക്കുള്ള ആധുനിക യന്ത്രസംവിധാനവും സ്ഥാപിക്കും. പ്രവർത്തന മൂലധനവും അനുവദിക്കും. നൂല് ഉത്പാദനത്തിന് പുറമേ തുണി നെയ്യാനുള്ള സംവിധാനവും പൂർണ തോതിൽ പ്രവർത്തനമാരംഭിക്കും. ഏതാനും മാസത്തിനുള്ളിൽ കമ്പനിയെ ലാഭത്തിലാക്കുന്നതിനുള്ള ശക്തമായ നീക്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഗവ. ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അറിയിച്ചു.
കെ.എസ്.ടി.സി ചെയർമാൻ സി.ആർ.വൽസൻ, മാനേജിംഗ് ഡയറക്ടർ കെ.ടി.ജയരാജൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എൻ.ഗോപിനാഥ്, പൂയപ്പള്ളി രാഘവൻ, കമ്പനി ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ ഭാരവാഹികളായ സി.ബി.ചന്ദ്രബാബു, ആർ.റിയാസ്, പി.രഘുനാഥ്, പി.സബ്ജു, വി.എൻ.ലൈജു, എ.എ.ഷുക്കൂർ, പി.തമ്പി, എസ്.പൊന്നപ്പൻ, ലാൽജി, ടി.ആർ.ആനന്ദൻ, പി.വി.സുധാകരൻ, കെ.കെ.ഉല്ലാസ്, പി.ബി.പുരുഷോത്തമൻ, ചന്ദ്രമോഹനൻ, ആർ.രാജീവ്, വി.കെ.ഉദയകുമാർ എന്നിവർ പങ്കെടുത്തു.