മാരാരിക്കുളം:മണ്ണഞ്ചേരി,മുഹമ്മ,കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കാവുങ്കൽ ഗ്രാമവും അതിർത്തി പ്രദേശങ്ങളും ഇനി സി.സി.ടിവി കാമറകളുടെ നിരീക്ഷണത്തിലേയ്ക്ക്.കാവുങ്കൽ വടക്കേതറമൂട് മുതൽ മണ്ണഞ്ചേരി ജംഗ്ഷൻ വരേയും പൊന്നാട് മുതൽ ദേശാഭിമാനി വായനശാല അമ്പലക്കടവ് മുതൽ പടിഞ്ഞാറ് വളവനാട് ജംഗ്ഷൻ വരേയും എല്ലാ ഇടറോടുകളിലും ജംഗ്ഷനുകളിലുമാണ് 40 ഹൈ റെസലൂഷൻ ഡിജിറ്റൽ നൈറ്റ് വിഷൻ സി.സി.ടി വി കാമറകൾ സ്ഥാപിക്കുക .വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ, മോഷണങ്ങൾ, കുട്ടികളെ തട്ടിക്കൊണ്ടു പോകൽ,ബൈക്കിൽ വന്നു മാല മോഷണം,മയക്കുമരുന്ന് വിതരണം,കക്കൂസ് മാലിന്യം ജനവാസമേഖലയിൽ തള്ളുക,കോഴിവേസ്റ്റ് പൊതുനിരത്തിൽ കൊണ്ടിടുക തുടങ്ങിയവയ്ക്ക് തടയിടാനാണ് കാമറകൾ സ്ഥാപിക്കുന്നത്.
പൂർണമായും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയ്ക്ക് അഞ്ചു ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഇതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.മണ്ണഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്യാം കുമാർ ഉദ്ഘാടനം ചെയ്തു.കാവുങ്കൽ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ആദ്യ സംഭാവന വിജയൻ പ്രണവം ജനകീയ സമിതി ചെയർമാൻ പി.എസ്.സന്തോഷ് കുമാറിന് കൈമാറി. കെ.വി.മേഘനാഥൻ,ജയതിലകൻ,മിനി പ്രദീപ് (രക്ഷാധികാരികൾ),വി.ടി.ഷാജൻ (സി.ഐ ),ശ്യാംകുമാർ (എസ്.എച്ച്.ഒ മണ്ണഞ്ചേരി) എന്നിവരാണ് ചീഫ് കോർഡിനേറ്റർമാർ. പി.എസ്.സന്തോഷ് കുമാർ
(ചെയർമാൻ ),എം.എസ്.ജോഷി (വൈസ് ചെയർമാൻ ),എം.മനോജ് (ജനറൽ കൺവീനർ),സിജി മധു (ജോയിന്റ് കൺവീനർ),അഡ്വ.സജി ടി.തകിടിയിൽ(ഖജാൻജി) എന്നിവരടങ്ങിയ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.