ev

ചാരുംമൂട്: നൂറനാട് പുലിമേലിൽ വയോധികനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പുലിമേൽ കാഞ്ഞിരവിളയിൽ ഭാസ്കരൻ (73) ആണ് വീട്ടുമുറ്റത്ത് ഭാര്യ ശാന്തമ്മയുടെ മുന്നിൽ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. അയൽവാസിയായ തുണ്ടിൽ ശ്യാംസുന്ദർ (24) ആണ് പ്രതി.

ഇന്നലെ രാവിലെ 9.30 ഓടെയാണ് നൂറനാട് സ്റ്റേഷൻ ഓഫീസർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ സ്ഥലത്തു കൊണ്ടുവന്നത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടിയിരുന്നു. പിന്നിലെ റബ്ബർ തോട്ടത്തിലുള്ള കുറ്റിക്കാട്ടിൽ കൊലയ്ക്കുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. ഭാസ്കരനെ കൊല്ലാൻ ഉപയോഗിച്ച കത്തി പടനിലത്തുള്ള കടയിൽനിന്ന് ഒരു മാസം മുൻപ് വാങ്ങിയതാണെന്ന് ശ്യാംസുന്ദർ പൊലീസിനോട് പറഞ്ഞു. കണ്ടെടുത്ത കത്തിയിൽ രക്തം കട്ടപിടിച്ചിരുന്നു.