ആലപ്പുഴ: സാമ്പത്തിക തട്ടിപ്പിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ ഭാരവാഹികൾക്കെതിരെ അന്വേഷണം ഊർജിതമായി. തട്ടിപ്പുമായി ബന്ധപ്പെട്ട ഇരുപതോളം ചോദ്യങ്ങൾക്ക് ഉത്തരം തേടി അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളിക്ക് ക്രൈംബ്രാഞ്ച് കത്തു നൽകി.

യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി ബി.സുരേഷ് ബാബു എന്നിവർ 17ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ നോട്ടീസ് നൽകിയിട്ടുണ്ട്. മാവേലിക്കര യൂണിയനിൽ 2006 മുതൽ 2019 വരെ മൈക്രോ ഫിനാൻസ്, പ്രീ മാര്യേജ് കൗൺസലിംഗ്, എസ്.എൻ ആശുപത്രി പണയപ്പെടുത്തൽ, വാഹന വിൽപ്പന, കെട്ടിട നിർമ്മാണം, പ്യൂൺ നിയമനം, നോട്ട് നിരോധന മറവിൽ കോടികളുടെ വെളുപ്പിക്കൽ എന്നിവയടക്കം 12.5 കോടി തട്ടിയെടുത്തെന്നാണ് ഇവർക്കെതിരെയുള്ള പരാതി. യോഗം മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല, ബി.സത്യപാൽ, ജയകുമാർ പാറപ്പുറം, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര എന്നിവരാണ് പരാതിക്കാർ. മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നാണ് ഡി.ജി.പി ലോക്നാഥ് ബഹ്റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കോടികളുടെ സാമ്പത്തിക കുറ്റമായതിനാലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും, നോട്ടീസ് നൽകി അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇവരെ അറസ്റ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇരുവരേയും ചോദ്യം ചെയ്യാനുള്ള നീക്കം.

അഴിമതി നടത്തിയ ഭരണസമിതിയെ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ഡിസംബർ 26 ന് പിരിച്ചുവിട്ടിരുന്നു. അഡ്മിനിസ്ട്രേറ്ററായി പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളിയെ നിയമിച്ചു. അഡ്മിനിസ്ട്രേറ്റർ ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ അന്വേഷണത്തിൽ യൂണിയനിലെ മൈക്രോ ഫിനാൻസിന്റെ രേഖകൾ മുൻഭാരവാഹികളും ജീവനക്കാരും ചേർന്ന് യൂണിയൻ ഓഫീസിൽ നിന്ന് കടത്തിയതായി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് മാവേലിക്കര പൊലീസിൽ നൽകിയ പരാതിയിയിൽ അന്വേഷണം നടക്കുകയാണ്. ഇരുവരേയും ചേദ്യം ചെയ്ത് ചില വസ്തുതകളിൽ വ്യക്തത വരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി പ്രകാശ് കാണി പറഞ്ഞു.