കൊറോണ ഭീതിയിൽ അവധിക്കാല ക്യാമ്പുകൾ
ആലപ്പുഴ : അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ കലാഭിരുചികൾ വളർത്താനുള്ള വേദികളാണ് സമ്മർക്യാമ്പുകൾ. പക്ഷേ, ഇത്തവണ അവധിക്കാലം നേരത്തേ എത്തിയെങ്കിലും കൊറോണ ഭീതിയെത്തുടർന്ന് സമ്മർ ക്യാമ്പുകൾ പ്രതിസന്ധിയിലാണ്. നാലു ചുവരുകൾക്കുള്ളിൽ അവധിദിനങ്ങൾ തള്ളിനീക്കുകയാണ് കുട്ടിക്കുറുമ്പുകൾ. ഏപ്രിൽ ആദ്യവാരം മുതലാണ് കൂടുതൽ ക്യാമ്പുകളും തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്.
കൊറോണ ഭീതി ഒഴിഞ്ഞാൽ കുറച്ചു വൈകിയാണെങ്കിലും ക്യാമ്പുകൾ നടത്താൻ കഴിയുമെന്ന് സംഘാടകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്ന് കാത്തിരുന്നു കാണണം. പരീക്ഷാ ചൂട് തലയിൽ നിന്നിറക്കി വയ്ക്കാൻ കുട്ടികൾക്കുള്ള വേദിയായിരുന്നു ഇത്തരം ക്യാമ്പുകൾ. ജോലിക്കാരായ മാതാപിതാക്കൾക്ക് പകൽ സമയം മക്കളെ വിശ്വസിപ്പിച്ചേൽപ്പിക്കാനൊരിടം കൂടിയാണിത്. ഇപ്പോൾ സ്കൂളടച്ചതോടെ അച്ഛനോ അമ്മയോ ഒരാൾ ലീവെടുത്തിരുന്നാണ് മിക്ക വീടുകളിലും മക്കളെ നോക്കുന്നത്. ജവഹർ ബാലഭവൻ,വൈ.എം.സി.എ,ജില്ലാ ബൈബ്രറി കൗൺസിൽ, ചിക്കൂസ് എന്നിവരെല്ലാം ജില്ലയിൽ എല്ലാ വർഷവും സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.
ക്യാമ്പുകൾക്ക് പിന്നിൽ
പണ്ടുകാലത്ത് അവധിക്കാലമായാൽ പറമ്പുകളിലും പാടത്തുമെല്ലാം കുട്ടിക്കുറുമ്പുകളെ കൊണ്ട് നിറഞ്ഞിരിക്കും. എന്നാൽ ഇന്ന് 2 മുറി ഫ്ളാറ്റുകളിലേക്കും ഒരു സെന്റ് മുറ്റങ്ങളിലേക്കും അവധിക്കാലം ചുരുങ്ങിയതോടെ ടിവി, കമ്പ്യൂട്ടർ ഗെയിം എന്നിവയെ ആശ്രയിക്കുകയേ കുട്ടികൾക്ക് നിവൃത്തിയുള്ളൂ. ഈ അവസരത്തിലാണ് സമ്മർ ക്യാമ്പുകളുടെ വരവ്. നൃത്തം,ചിത്രകല,കളരി,നാടകം എന്നിങ്ങനെ ഏതു മേഖലയിലും വിദഗ്ദ്ധർ ക്ളാസിനെത്തുന്ന സമ്മർ ക്യാമ്പുകൾ വളരെ വേഗത്തിലാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസിലിടം നേടിയത്.
കലയ്ക്കൊപ്പം ബിസിനസും
ഒരുമാസത്തോളം നീണ്ടുനിൽക്കുന്നതാണ് സമ്മർക്യാമ്പുകൾ. ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതുകൊണ്ട് ഇൗ മേഖല ഒരു ബിസിനസ് കൂടിയാണ്. കഴിഞ്ഞ വർഷങ്ങളിൽ കൂണുപോലെയാണ് സമ്മർ ക്യാമ്പുകൾ മുളച്ച് പൊന്തിയത്. പലകുട്ടികളിലും ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ ക്യാമ്പുകളിൽ പുറത്തുവരാറുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ 5 മുതൽ 15 വയസുവരെയുള്ള കുട്ടികളുണ്ടാകും. ക്യാമ്പുകളിൽ ഒരു വിഷയത്തിന് 300 മുതൽ 500 വരെയാണ് ഫീസായി ഇൗടാക്കുന്നത്. ഒരു കുട്ടി 3 വിഷയത്തിന് എങ്കിലും പങ്കാളികളാകണമെന്ന നിയമവും മിക്ക സ്ഥലത്തും ഉണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ് സമയം.ഇത്തവണ മിക്ക ക്യാമ്പുകളിലേക്കും കുട്ടികളുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചിരുന്നതാണ്.
..........
'' 35 വർഷമായി ആലപ്പുഴയിൽ കുട്ടികൾക്ക് സമ്മർ ക്യാമ്പ് നടത്തിവരുന്നു. ഇത്തവണ കൊറോണ ബാധയെതുടർന്ന് ക്യാമ്പ് നടത്തേണ്ട എന്ന തീരുമാനത്തിലാണ്. രജിസ്ട്രേഷൻ പൂർത്തീകരിച്ചിരുന്നു. സമ്മർ ക്യാമ്പുകൾ ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക് അനുഗ്രഹമായിരുന്നു. നടത്തിപ്പുകാർക്കും അദ്ധ്യാപകർക്കും സാമ്പത്തിക നേട്ടവുമുണ്ട്. കളരി തുടങ്ങേണ്ട പ്രാഥമിക ആവശ്യങ്ങൾക്ക് ഒട്ടേറെ തുക ചെലവഴിച്ചു. സാഹചര്യം അനുകൂലമായി വന്നാൽ ഏപ്രിൽ 10 ന് ക്യാമ്പ് ആരംഭിക്കാനും ഉദ്ദേശമുണ്ട്.
(ചിക്കൂസ് ശിവൻ,ചിക്കൂസ് സമ്മർ കളരി ഡയറക്ടർ)