ആലപ്പുഴ:മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന ഏകവിള കാർഷിക പദ്ധതി ശ്രദ്ധേയമാകുന്നു. പഞ്ചായത്തിലെ കുടുംബശ്രീ കാർഷിക സംഘങ്ങൾക്കായാണ് പദ്ധതി. ഒരു വാർഡിൽ ഒരു കൃഷിയാണ് പ്രാധാന്യത്തോടെ ചെയ്യുക. പച്ചമുളക്, തക്കാളി, വഴുതന, കാന്താരി, വെണ്ട, പയർ, തുടങ്ങി 12 ഇനം പച്ചക്കറികളും ബന്ദി, മുല്ല എന്നിവയുമാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിന് കീഴിലുള്ള 18 വാർഡുകളിലായി 257 ജെ.എൽ.ജി ഗ്രൂപ്പുകളാണ് ഏകവിള കൃഷി ചെയ്യുന്നത്. ഒരോ ഗ്രൂപ്പും 500 തൈകൾ വീതം ഓരോ വാർഡിലും നടും. നാല് മുതൽ പത്ത് വരെ അംഗങ്ങളാണ് ഒരു ഗ്രൂപ്പിലുള്ളത്.
കൃഷിക്കാവശ്യമായ തൈകൾ പിന്നാക്ക വികസന കോർപ്പറേഷൻ വഴി സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

പഞ്ചായത്തിന്റെ കൂലിച്ചെലവ് സബ്സിഡിയും കുടുംബശ്രീ ജില്ലാ മിഷന്റെ ഇൻസെന്റീവും ഓരോ ഗ്രൂപ്പിനും ലഭിക്കുന്നുണ്ട്. 'നമുക്കുവേണ്ടത് നാം തന്നെ ഉൽപ്പാദിപ്പിക്കുക' എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാരാരിക്കുളം വടക്ക് സി.ഡി.എസ് ചെയർപേഴ്സൺ സുകന്യ പറഞ്ഞു. കുടുംബശ്റീ അംഗങ്ങളുടെ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് കൃഷി. സി.ഡി.എസ് അംഗങ്ങൾക്കാണ് പദ്ധതിയുടെ മേൽനോട്ടം. ഏകവിള കൃഷിക്ക് പുറമേ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു വീടിന് 30 പച്ചക്കറി തൈകൾ വീതം വിതരണം ചെയ്യുന്നുണ്ട്.