അമ്പലപ്പുഴ: തമിഴ്നാട്ടിൽ നിന്നു കൊയ്ത്തു-മെതി യന്ത്രങ്ങളെത്തിയതോടെ അപ്പർകുട്ടനാട്ടിലും കൊയ്ത്തുതുടങ്ങി.
തകഴി, കേളമംഗലം പാടശേഖരങ്ങളിലാണ് കഴിഞ്ഞ ദിവസം കൊയ്ത്തു നടന്നത്. കൊയ്തു കൂട്ടുന്ന നെല്ല് മില്ലുകളുടെ ഏജന്റുമാരെത്തി ഉടൻ തന്നെ ലോറിയിലാക്കി കൊണ്ടു പോകുന്നുണ്ട്. മണിക്കൂറിന് 1600 മുതൽ 2200 രൂപ വരെയാണ് കൊയ്ത്തു- മെതി യന്ത്രത്തിന് വാടക. പല പാടശേഖരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ വേനൽ മഴ നാശം വിതച്ചിട്ടുണ്ട്. പലേടത്തും നെല്ല് അടിഞ്ഞ് കിടക്കുകയാണ്. ഇതു കൊയ്ത്തിന് തടസമാകുന്നുമുണ്ട്.
കൊയ്യാൻ 20 മുതൽ 30 ദിവസം കൂടി അവശേഷിക്കുന്ന പാടശേഖരങ്ങളെയാണ് വേനൽ മഴ കൂടുതൽ വലയ്ക്കുന്നത്. നെല്ല് അടിഞ്ഞു വീണ പാടങ്ങളിൽ ഇനിയും മഴ പെയ്താൽ കൂടുതൽ നാശം നേരിടേണ്ടി വരുമെന്നു കർഷകർ പറയുന്നു. നിലവിലെ സംഭരണ വില കിലോയ്ക്ക് 26.95 രൂപയാണ്.