ആലപ്പുഴ: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന 'ബ്രേക്ക് ദ ചെയിൻ' കാംപെയിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ചേർന്ന് കളക്ടറേറ്റിൽ സാനിറ്റൈസർ കിയോസ്‌ക് സ്ഥാപിച്ചു. കളക്ടറേറ്റിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സാനിറ്റൈസർ കിയോസ്‌കിന്റെ ഉദ്ഘാടനം കളക്ടർ എം. അഞ്ജന നിർവഹിച്ചു. വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിൽ എത്തുന്ന പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും കോവിഡ് 19 വൈറസിൽ നിന്ന് പ്രതിരോധം ഉറപ്പാക്കാനാണ് ഇത്തരത്തിൽ സാനിറ്റൈസർ കിയോസ്‌ക് സ്ഥാപിച്ചത്. ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി.വി ജയകുമാരി, അസിസ്റ്റന്റ് കോ ഓഡിനേറ്റർ കെ.പി ലോറൻസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

.......

# പ്രധാന കേന്ദ്രങ്ങളിൽ സാനിറ്റൈസർ കിയോസ്‌കുകൾ

ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലും പ്രധാന വ്യാപാരസ്ഥാപനങ്ങൾക്ക് മുമ്പിലും ബ്രേക്ക് ദ ചെയിൻ കാംപെയിനിന്റെ ഭാഗമായി സാനിറ്റൈസർ കിയോസ്‌ക് സജ്ജീകരിക്കും. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ വിവിധ സംഘടനകളുമായി ചർച്ച നടത്തി. സ്ഥാപനങ്ങൾക്ക് മുമ്പിലും പ്രധാനകേന്ദ്രങ്ങളിലുമായി 20 സാനിറ്റൈസർ കിയോസ്‌കുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി സജ്ജീകരിക്കും. ഇതിനായി 20 ലിറ്റർ സാനിറ്റൈസർ എസ്.ഡികോളജും സെന്റ് മൈക്കിൾസ് കോളേജും തയ്യാറാക്കി നൽകി. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, ഫെഡറൽ ബാങ്ക്, സിൻഡിക്കേററ് ബാങ്ക് എന്നിവയുടെ സഹായത്തോടെ കൂടുതൽ സാനിറ്റൈസർ നിർമാണത്തിനുള്ള അസംസ്‌കൃൃത വസ്തുക്കൾ ലഭ്യമാക്കും. ഇവ ഉപയോഗിച്ച് വിവിധ കോളേജുകൾ സാനിറ്റൈസർ നിർമിച്ച് നൽകാൻ തയ്യാറായിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന്റെ ഏകോപന ചുമതല ശുചിത്വമിഷനാണ്. ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും സാനിറ്റൈസർ ലഭ്യമാക്കാനുള്ള നടപടികൾ ജില്ലാഭരണകൂടം തുടങ്ങി.

എ.ഡി.എം.വി.ഹരികുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സബിൽ രാജ്, വൈസ് പ്രസിഡന്റ് സുഭാഷ് രാഘവൻ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ജോസഫ് ഫ്രാൻസിസ്, ഓട്ടോ ടാക്‌സി യൂണിയൻ പ്രതിനിധി കെ.ജി.ജയലാൽ, എ.ഡി.സി. ഷൈൻ .ഡി, ഡി.ഡി.പി. ഷഫീഖ് പി.എം., ഫുഡ് ഗ്രെയിൻസ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ജെ.സുരേഷ്, ലയൺസ് ക്ലബ് ജില്ല ഘടകം പ്രതിനിധി അരുൺ കുമാർ വി., സി.എ.എബ്രഹാം, റോട്ടറി ക്ലബ് പ്രതിനിധി ഡോ.വിനുകുമാർ എസ്., കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ പ്രതിനിധി അഫ്‌സൽ എന്നിവർ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

........

ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു
കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കൽ ബീച്ചിലേക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചിരിക്കുന്നു. നിരോധനം ലംഘിച്ച് എത്തുന്ന വാഹനങ്ങൾ, സന്ദർശകർക്ക് സൗകര്യമൊരുക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.