ആലപ്പുഴ: കൊറോണ രോഗപ്രതിരോധ - ജാഗ്രതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തല സ്ക്വാഡുകൾ രൂപവത്കരിച്ചു. താലൂക്ക് പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും കളക്ടറേറ്റിൽ നിന്നും കോവിഡ് 19 സംബന്ധിച്ച് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്ക് അനുസൃതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയാണ് സ്‌ക്വാഡിന്റെ മുഖ്യ ചുമതലയെന്ന് ജില്ല കളക്ടർ എം.അഞ്ജന അറിയിച്ചു. തൊഴിൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ, റവന്യൂ വകുപ്പിൽ നിന്നുള്ള രണ്ടുപേർ, ഒരു പൊലീസ്ഓഫീസർ എന്നിവർ സ്‌ക്വാഡിൽ അംഗങ്ങളായിരിക്കും. ഇവർക്ക് സഞ്ചരിക്കുന്നതിന് വാഹനവും ലഭ്യമാക്കിയിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങൾ വച്ച് ഏറ്റവും പെട്ടെന്ന് പ്രവർത്തിക്കാനും സ്‌ക്വാഡിന് കഴിയണം.
സ്ക്വാഡ് ഉറപ്പുവരുത്തേണ്ടത്
വീടുകളിൽ നിരീക്ഷണത്തിലുള്ള ആളുകൾക്ക് നിത്യോപയോഗ സാധനങ്ങൾ,മരുന്നുകൾ എന്നിവ ലഭ്യമാകുന്നുണ്ടെന്ന് സ്‌ക്വാഡുകൾ ഉറപ്പുവരുത്തണം.
ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന എല്ലാ പരിപാടികളും നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പു വരുത്തണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തൊഴിലാളികൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിൽ ബന്ധപ്പെടുന്നതിനുള്ള നടപടി സ്വീകരിക്കണം.
മാർക്കറ്റുകൾ, മത്സ്യ-മാംസ വ്യാപാര ശാലകൾ എന്നിവടങ്ങളിലെ ശുചിത്വം ഉറപ്പു വരുത്തണം.
ജില്ലാ അതിർത്തികളിൽ രൂപീകരിച്ചിട്ടുള്ള പരിശോധനാ കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിലും പരിശോധനകൾ നടത്തണം.
തെറ്റിദ്ധാരണാജനകമായ വാർത്തകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ പ്രചരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
ജിംനേഷ്യങ്ങൾ, കായിക പരിശീലനകേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം.
പി.എസ്.സി, എൻട്രൻസ്, ട്യൂഷൻ പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.