തുറവൂർ:നടവഴിയെ സംബന്ധിച്ച തർക്കത്തെ തുടർന്ന് അഞ്ചംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തിൽ പിഞ്ചു കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 8 പേർക്ക് പരിക്കേറ്റു. .കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡ് ചാപ്പക്കടവ് വെളിയിൽ വർഗീസിന്റെ മകൾ ട്രീസ ( നീനു - 25) ഇവരുടെ കുട്ടി ആമോസ് (2),സെലിൻ വർഗ്ഗീസ് ( ടിൻറു -26) ,വെളിയിൽ ആൻറപ്പന്റെ ഭാര്യ ഷെറിൻ (44) ,മകൾ മറിയംബിക(ദിവ്യ -26) ,മകൻ എഡ്വേർഡ് ( നിധിൻ -20) ,അമരീസ് (3), ശീമോൻ (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. വഴി നടക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇരു വീട്ടുകാർ തമ്മിൽ വഴക്കുണ്ടായി .ഇതു സംബന്ധിച്ച് വെളിയിൽ വർഗ്ഗീസും കുടുബവും കുത്തിയതോട് പൊലീസിൽ പരാതി നൽകിയിരുന്നു.ഇത് ചർച്ച ചെയ്ത് പരിഹരിക്കുവാൻ ഇരുകൂട്ടരേയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു .പരാതിക്കാരനും കുടുംബവും സ്റ്റേഷനിൽ നിൽക്കുന്ന സമയത്താണ് അഞ്ചംഗ സംഘം വീട് കയറി കുട്ടികളേയും സ്ത്രികളെയും ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചത്.നാട്ടുകാർ ഇടപെട്ടാണ് അക്രമണത്തിൽ നിന്ന് ഇവരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്.അക്രമണം നടത്തിയ പൂത്തറയിൽ പീറ്ററിന്റെ ഭാര്യ മെറീനാ മേരി (58), മകൻ ജോസ് മോൻ (40) ബന്ധുക്കളായ ചെല്ലാനം പട പുരയ്ക്കൽ സൈലസ് (39), അർത്തുങ്കൽ കടവുങ്കൽ വീട്ടിൽ ജെയിംസ് (സാജു - 31) എന്നിവരെ കുത്തിയതോട് പൊലീസ് പിടികൂടി.ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. പൂത്തറയിൽ ഡിക്‌സൻ എന്നയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.