ആലപ്പുഴ : രോഗബാധയെത്തുടർന്ന് താറാവുകൾ ചത്തൊടുങ്ങുന്നതും കോറോണഭീതിയും താറാവു കർഷകരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നു. ഈസ്റ്റർ വിപണി കണ്ട് വളർത്തിയ താറാവുകളാണ് രോഗബാധയ്ക്കിരയായത്. കൊറോണ ഭീതിയിൽ ആഘോഷങ്ങൾ വെട്ടിക്കുറച്ചതും തിരിച്ചടിയായി. സാധാരണ ഈസ്റ്റർ ആഘോഷങ്ങളിൽ തീൻമേശകളിലെ പ്രധാന വിഭവമാണ് താറാവ്.

ക്രിസ്മസ്, ഈസ്റ്റർ സീസണുകളിൽ ലഭിക്കുന്ന വില്പനയാണ് താറാവ് കർഷകരെ പ്രധാനമായും നിലനിറുത്തുന്നത്. ഇത്തവണ ക്രിസ്മസിന് വലിയ മെച്ചം ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഈസ്റ്ററിന് ഒരുമാസം മാത്രം ശേഷിക്കെ കാര്യങ്ങൾ അത്ര അനുകൂലവുമല്ല. താറാവുകളുടെ തീറ്റക്ഷാമവും കർഷകരെ ആശങ്കയിലാക്കുന്നു. ഈസ്റ്റർ വിപണിയും കൂടി കൈവിട്ട് പോയാൽ താറാവ് കർഷകകർ കൂടുതൽ ദുരിതത്തിലാകും. പക്ഷിപ്പനി ഭയന്ന് കുട്ടനാടൻ താറാവുകൾക്കൊപ്പം ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നെത്തുന്ന താറാവുകൾക്കും ഡിമാൻഡ് കുറഞ്ഞു. താറാവ് വിപണി മാത്രമല്ല മുട്ടവിപണിയും നഷ്ടത്തിലാണ്. പ്രളയത്തിൽ നിന്ന് ഒന്നു കരകയറി വരുന്നതിനിടയിൽ രോഗം പിടിപെട്ട് താറാവുകൾ കൂട്ടത്തോടെ ചത്തുപോയതും കർഷകരുടെ നഷ്ടം വർദ്ധിപ്പിച്ചു. ഇൗസ്റ്റർ വിപണി ലക്ഷ്യമിട്ട് വാങ്ങിയ താറാവു കുഞ്ഞുങ്ങളും

കനത്ത ചൂട് കാരണം

ചത്തൊടുങ്ങുകയാണ്.

 വില കുറയുന്നില്ല

ജില്ലയിൽ പക്ഷിപ്പനിമൂലമല്ല താറാവുകൾ ചത്തൊടുങ്ങുന്നത്. ചൂടിലുണ്ടാകുന്ന ബാക്ടീരിയൽ ഇൻഫക്ഷനാണ് താറാവുകൾ ചത്തൊടുങ്ങാൻ കാരണം. എന്നാൽ രോഗബാധ വരുന്നതിന് മുമ്പുള്ള വിലയായ ഒരു കിലോയ്ക്ക് 350 രൂപ പ്രകാരമാണ് താറാവിന് ഇപ്പോഴും വിൽപ്പനക്കാർ ഇൗടാക്കുന്നത്. ഇങ്ങനെ വിറ്റില്ലെങ്കിൽ ദുരിതത്തിൽ ആകുമെന്നാണ് കർഷകർ പറയുന്നത്. ഒരു ദിവസം കുറഞ്ഞത് 30 താറാവിനെ വിറ്റു കൊണ്ടിരുന്ന കടകളിൽ ഇപ്പോൾ ഒന്നിനെയെങ്കിലും വിറ്റാലായെന്ന സ്ഥിതിയാണ്.

 തീറ്റയ്ക്കും ചെലവേറി

രോഗം ബാധിച്ച താറാവുകളിൽ നിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരാതിരിക്കാൻ കർഷകർ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. താറാവ് കുഞ്ഞുങ്ങൾക്ക് 28 ദിവസം പ്രായമാകുമ്പോൾ എടുക്കേണ്ട വാക്‌സിനുകൾ മാത്രമേ കർഷകർക്ക് സൗജന്യമായി ലഭിക്കുകയുള്ളൂ. മറ്റ് വാക്‌സിനുകൾ പണം മുടക്കി വാങ്ങണം. പാടങ്ങളിൽ തീറ്റയ്ക്ക് താറാവിനെ ഇറക്കാത്തതിനാൽ കൂടുകളിൽ തന്നെ തീറ്റ നൽകണം. ഇതിനായി ഒരു ചാക്ക് അരിക്ക് 1500 രൂപ മുടക്കി വാങ്ങണം.

താറാവ് (ഒരു കിലോ): 350രൂപ

 തീറ്റവില : 1500 രൂപ(50 കിലോ)

.......

'' രോഗംബാധിച്ച താറാവുകളെ കർഷകർ സ്വന്തം നിലയിൽ ചികിത്സ നടത്താൻ ശ്രമിക്കാതെ ഉടൻ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. വളർത്തുപക്ഷികൾക്ക് ആവശ്യമായ എല്ലാ പ്രതിരോധമരുന്നുകളും ചികിത്സയും സൗജന്യമായി കർഷകർക്ക് നൽകാൻ സജ്ജമാണ്. അശാസ്ത്രീയമായി താറാവുകൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നത് ജനങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രതിരോധ മരുന്നുകൾ ആവശ്യത്തിനുണ്ട്. താറാവുകർഷകർക്കായി ബോധവത്കരണ സെമിനാറുകൾ നടത്തും.

(ഡോ.മേരി ജെയിംസ്, ജില്ലാ മൃഗസംരക്ഷണ ഒാഫീസർ)

.....

'' പ്രളയം കഴിഞ്ഞ് മതിയായ ഒരു ആനുകൂല്യവും ലഭിക്കാത്തവരാണ് താറാവ് കർഷകർ. പല കാരണങ്ങളാൽ താറാവുകൾ ചത്ത് വീഴുമ്പോൾ കർഷകർ കനത്ത കടബാദ്ധ്യതയിലേക്ക് വീഴും . കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമായി ഈസ്റ്റർ വിപണി ലക്ഷ്യമാക്കി വളർത്തിയെടുത്ത താറാവുകൾ കനത്ത ചൂടിൽ വൻ തോതിൽ ചത്തൊടുങ്ങുകയാണ്.

(ബാബു,താറാവ് കർഷകൻ )