ആലപ്പുഴ:കൊറോണ പ്രതിരോധ ബോധവത്കരണ പ്രവർത്തനത്തിനും സർക്കാരിന്റെ ബ്രേക്ക് ദ് ചെയ്ൻ കാംപെയിനിന്റെ ഭാഗമായുള്ള ശുചിത്വ ബോധവത്കരണത്തിനും മുൻകൈയെടുത്ത് ജില്ലാ പഞ്ചായത്തംഗങ്ങൾ. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തംഗങ്ങൾ സാനിറ്റൈസറിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തി. ബസുകളിലെ യാത്രക്കാർ, സ്പർശിക്കുന്ന വാതിൽ, കൈപ്പിടി എന്നിവിടങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ലായനി ഉപയോഗിച്ച് വൃത്തിയാക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ശുചീകരണ ബോധവത്കരണ പരിപാടി നടത്തിയത്.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് പരിപാടിക്ക് തുടക്കം കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ പറഞ്ഞു.
നിശ്ചിത ഇടവേളകളിൽ കൈ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് പൊത്തുക, പനിയുണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും യാത്രക്കാർക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് , ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.കെ.ടി.മാത്യു, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.സുമ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധുവിനു, പ്രതിപക്ഷനേതാവ് ജോൺ തോമസ്, ഡി.എം.ഓ ഡോ.അനുവർഗീസ് എന്നിവർ സംബന്ധിച്ചു.
പഞ്ചായത്ത് തലത്തിൽ ഓരോ വാർഡിലും മൂന്നു പേരടങ്ങുന്ന സംഘം രൂപവത്കരിച്ച് ജനങ്ങളുടെ ശുചിത്വബോധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ നടത്തി വരികയാണ്. പനിയുടെ പകർച്ചാ കണ്ണികളെ ഇല്ലാതാക്കുക എന്നതാണ് ബ്രേക്ക് ദ് ചെയ്ൻ കാംപെയ്ൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
ജി. വേണുഗോപാൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്