ആലപ്പുഴ: ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആർദ്രം പദ്ധതിക്ക് പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കൊറോണ വൈറസ് ഭീതിയുടെ സാഹചര്യത്തിൽ വളരെ കുറച്ച് അംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങായാണ് ഉദ്ഘാടനം നടത്തിയത്. പളളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് പദ്ധതി ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഡി.സബീഷ്, പളളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോൾ സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ മഞ്ജു സുധീർ, ജ്യോതിശ്രീ, സുമ വിമൽറോയ്, നൈസി ബെന്നി, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ആർദ്രം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശ്വാസ് ക്ലിനിക്, വിഷാദ രോഗ ചികിത്സാ പദ്ധതിയായ ആശ്വാസ് ക്ലിനിക്, ജീവിതശൈലീ രോഗ നിർണ്ണയത്തിനുള്ള ക്ലിനിക്കുകൾ എന്നിവയും പ്രവർത്തനമാരംഭിച്ചു. വൈകിട്ട് 6 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.