ആലപ്പുഴ : കൊറോണ ഭീതിയെത്തുടർന്ന് രക്തബാങ്കുകളിൽ രക്തദാതാക്കളുടെ വരവ് കുറയുന്നു. ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിൽ കഴിഞ്ഞ ഒന്നര ആഴ്ചയായി രക്തദാനത്തിന് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി.
രക്തദാനം ചെയ്യാൻ ആശുപത്രിയിലെത്തിയാൽ രോഗം പകരുമോ എന്നുള്ള ഭീതിയാണ് പലർക്കും. സംസ്ഥാനത്തെ സ്കൂൾ, കോളേജുകൾ, ടെക്നിക്കൽ വിദ്യാലയങ്ങൾ അടച്ചതും പ്രതിസന്ധി രൂക്ഷമാക്കി. നാഷണൽ സർവീസ് സ്‌കീം, റെഡ് ക്രോസ്, എസ്.പി.സി, എൻ.സി.സി എന്നിങ്ങനെയുള്ള വിദ്യാർത്ഥി കൂട്ടായ്മകൾ ഏത് സമയത്തും രക്തദാനത്തിന് സന്നദ്ധരായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ മുന്നറിയിപ്പ് വരുന്നതിന് മുമ്പ് പ്രതിദിനം ശരാശരി 60ൽ അധികം പേർ രക്തം ദാനം ചെയ്യാൻ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇത് 35-40പേരായി ചുരുങ്ങി. ദാതാക്കളുടെ എണ്ണം കുറവാണെങ്കിലും രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതിന് ആവശ്യമായ രക്തം രക്തബാങ്കിൽ സ്റ്റോക്ക് ഉണ്ട്.
ആശുപത്രികളിലെ കൊറോണ ഐസൊലേഷൻ വാർഡുകളിൽ നിന്ന് ഒരു കാരണവശാലും രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവർത്തകർ ഉറപ്പു നല്കുന്നു.സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയയും മറ്റും നിശ്ചയിച്ചിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ രക്തത്തിനായിനെട്ടോട്ടത്തിലാണ്. സന്നദ്ധ രക്തദാനത്തിന് ജനങ്ങൾ മുന്നോട്ടു വന്നില്ലെങ്കിൽ ശസ്ത്രക്രിയകൾ മുടങ്ങുന്ന സ്ഥിതിയുണ്ടാകും. കൊറോണ ബാധിതരുമായി ബന്ധം പുലർത്താത്തവർക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും രക്തം നൽകാവുന്നതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
"കൊറോണ രോഗത്തിന്റെ മുന്നറിയിപ്പ് വന്നതിന് ശേഷവും രക്തദാതാക്കളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് ഉണ്ട്. രക്തബാങ്കിൽ ആവശ്യത്തിനുള്ള രക്തം സ്റ്റോക്ക് ഉണ്ട്.
മെഡിക്കൽ കോളേജ് രക്തബാങ്ക് അധികൃതർ