മിയാവാക്കി വനം 2020ന് തുടക്കമായി
മാവേലിക്കര: ബ്ലോക്ക് പഞ്ചായത്തും ഫോക് ലാന്റും ചേർന്ന് നടപ്പിലാക്കുന്ന പരിസ്ഥിതി സംരക്ഷണ സംരംഭമായ മിയാവാക്കി വനം 2020ന് തുടക്കമായി. മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് ലോക്രപ്രശസ്തനായ ജാപ്പനീസ് സസ്യശാസ്ത്രഞ്ജൻ അകിരാ മിയാവാക്കി രൂപകല്പന ചെയ്ത ജാപ്പനീസ് മാതൃകയിലുള്ള വനവൽക്കരണ രീതിയാണ് ആവിഷ്കരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് ഇന്നലെ പദ്ധതി ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദും ഫോക് ലാന്റ് ഇന്റർനാഷണൽ ചെയർമാൻ ഡോ.വി.ജയരാജനും ചേർന്ന് ആദ്യ തൈ നട്ടു. തുടർന്ന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്.ശ്രീജിത്ത്, ദീപ ജയാന്ദൻ, ശോഭരാജൻ, സരസു സാറാ മാത്യു, അഭിലാഷ് തൂമ്പിനാത്ത്, സെക്രട്ടറി എസ്.ജോതി ലക്ഷ്മി, ഫെലോഷിപ്പ് കലാകാരി ഷീന, ജയകുമാർ, ചിത്ര അപ്പു, ലീന, ആഴ്ച മരം പദ്ധതി കൺവീനർ ഗോപൻ എന്നിവർ തൈകൾ നട്ടു.
മൂന്ന് വർഷം കൊണ്ട് വനം
പ്രത്യേകതരം കുഴിയുണ്ടാക്കി ജൈവമാലിന്യം അടക്കം ചെയ്ത് വൃക്ഷത്തൈകൾ നടുന്നതാണ് രീതി. ഇത് രണ്ട് വർഷംകൊണ്ട് കാടിന്റെ രൂപത്തിൽ വളർച്ചയെത്തും. മൂന്ന് വർഷം കൊണ്ട് പൂർണ രൂപത്തിലുള്ള വനവും പതിനഞ്ച് വർഷം കൊണ്ട് നൂറ് വർഷം പഴക്കമുള്ള കാടിന്റെ പകിട്ടിലാകും. സസ്യവർഗങ്ങളും ഔഷധസസ്യങ്ങളും വള്ളിപ്പടർപ്പുകളും വ്യത്യസ്തയുള്ള വൃക്ഷതൈകൾ ഇടതൂർന്ന് നട്ട് സംരക്ഷിച്ച് വനമാക്കുന്നതാണ് പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് ഫോക് ലാന്റ് നടത്തുന്ന ആദ്യ പദ്ധതിയാണിത്.