ആലപ്പുഴ:സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ ഭാരവാഹികളായ സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. നാളെ രാവിലെ 10.30ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിലെത്താനാണ് നിർദ്ദേശം.
മാവേലിക്കര യൂണിയനിൽ 2006 മുതൽ 2019 വരെ മൈക്രോഫിനാൻസ്, പ്രീമാര്യേജ് കൗൺസിലിംഗ്, എസ്.എൻ ആശുപത്രി പണയപ്പെടുത്തൽ, വാഹന വിൽപ്പന, കെട്ടിട നിർമ്മാണം, പ്യൂൺ നിയമനം, നോട്ട് നിരോധന മറവിൽ കോടികൾ വെളുപ്പിക്കൽ എന്നിവയടക്കം 12.5 കോടി തട്ടിയെടുത്തെന്നാണ് ഇവർക്കെതിരെയുള്ള പരാതി. യോഗം ബോർഡ് മുൻ മെമ്പർ ദയകുമാർ ചെന്നിത്തല, ബി.സത്യപാൽ, ജയകുമാർ പാറപ്പുറം, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര എന്നിവരാണ് പരാതിക്കാർ. മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് ഡി.ജി.പി ലോക് നാഥ് ബഹ്റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.