തുറവൂർ: ടോറസ് ലോറി ഇടിച്ചു റെയിൽവേ ഗേറ്റ് തകർന്നതിനെ തുടർന്ന് റോഡ് ഗതാഗതം നിലച്ചത് യാത്രക്കാരെ വലച്ചു. ഇന്നലെ വൈകിട്ട് 6.30നായിരുന്നു തുറവൂർ - കുമ്പളങ്ങി റോഡിലെ ടി.ഡി. റെയിൽവേ ഗേറ്റിൽ ലോറി ഇടിച്ചത്. ധൻബാദ് എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തിയ സമയയത്തായിരുന്നു അപകടം. ഇതേത്തുടർന്ന് ഗേറ്റ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ ഇരു വശത്തുമായി കുടുങ്ങി. നാലുകുളങ്ങര- പാട്ടുകുളങ്ങര റോഡ്, പുത്തൻചന്ത - പുത്തൻകാവ് റോഡ്, പത്മാക്ഷിക്കവല - അന്ധകാരനഴി റോഡ് എന്നിവിടങ്ങളിലൂടെ അധിക ദൂരം ചുറ്റി സഞ്ചരിച്ചാണ് യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്തിയത്. ഗേറ്റ് തകരാറിലായതോടെ റോഡിനു കുറുകെ ചങ്ങല സ്ഥാപിച്ചാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. രാത്രി വൈകിയും ഗേറ്റിന്റെ അറ്റകുറ്റപ്പണിക്കായി റെയിൽവേ അധികൃതർ എത്തിയിട്ടില്ല.