ഹോട്ടൽ, ടൂറിസം മേഖല വലിയ പ്രതിസന്ധിയിൽ
ആലപ്പുഴ: കൊറോണ വലിയൊരു 'പ്രതിഭാസ'മായി തുടരുന്നതിനിടെ ഹോട്ടൽ, ടൂറിസം മേഖല നിശ്ചലാവസ്ഥയിലേക്ക്. ലഭിച്ചിരുന്ന വരുമാനം മൂന്നിലൊന്നായി കുറഞ്ഞെന്നാണ് സംരംഭകരുടെ വിലയിരുത്തൽ.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗത്വമുള്ള 5000ൽ അധികം കടകൾ ജില്ലയിലുണ്ട്. വരുമാനത്തിലെ കുറവ് പല കടകളുടെയും നിലനില്പിനെ കാര്യമായി ബാധിക്കുമെന്ന വിധത്തിലായിട്ടുണ്ട്. ശമ്പളവും പ്രതിസന്ധിയിലായതോടെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങാൻ തുടങ്ങി. ഇതോടെ സ്ഥാപനങ്ങളുടെ നടത്തിപ്പിന് എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ഉടമകൾ. വേതനക്കാര്യത്തിൽ മുമ്പുണ്ടായിരുന്ന വേർതിരിവൊന്നും ഇപ്പോഴില്ല. നാട്ടിലെ തൊഴിലാളികൾക്കു നൽകുന്ന കൂലി തന്നെയാണ് ഇതര സംസ്ഥാനക്കാർക്കും നൽകുന്നത്. നിലവിലെ പ്രതിസന്ധി ഒഴിയുമ്പോൾ ഇവർ ഇനി തിരികെ വന്നില്ലെങ്കിലുള്ള കാര്യമോർത്താണ് ഉടമകൾ കൂടുതൽ ആശങ്കയിലാവുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ടുപോവാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. സർക്കാരിന്റെ നിർദ്ദേശമോ മറ്റോ ഉണ്ടായാൽ, ആ കെയറോഫിൽ അടുത്ത നിമിഷം താഴിടാനാണ് തീരുമാനം. അങ്ങനെ സംഭവിച്ചാൽ ജില്ലയിൽ 50,000ൽ അധികം തൊഴിലാളികൾ പട്ടിണിയിലാകും. ഇതിന് പുറമേ ഹോട്ടലുടമകളുടെ വായ്പാ തിരിച്ചടവും പ്രതിസന്ധിയിലാകും.
ഭയന്ന് ടൂറിസം
രണ്ടാഴ്ചയ്ക്കിടെ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളിലെ വരവ് പത്തു ശതമാനത്തിനും താഴെയായി. കൊറോണ വ്യാപനത്തിനു തൊട്ടു മുമ്പുവരെ മികച്ച നിലയിൽ മുന്നോട്ടു പോവുകയായിരുന്നു ജില്ലയിലെ ടൂറിസം മേഖല. ഈ നിലയിലാണ് പോക്കെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഹൗസ്ബോട്ട് മേഖല നിശ്ചലമാവും. ഇത് വ്യാപാര മേഖലയെയും ബാധിക്കും. ഇപ്പോൾ തന്നെ സുരക്ഷയുടെ പേരിൽ ഭൂരിഭാഗം ബുക്കിംഗ് ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. വേനൽ അവധിയെ തുടർന്ന് ലഭിച്ച ബുക്കിംഗിൽ 97 ശതമാനവും റദ്ദാക്കി. എത്തിയവർ ഹോട്ടലുകളിൽ നിരീക്ഷണത്തിലുമാണ്.
...............................
'കുറഞ്ഞ നിരക്കിലുളള പലിശയ്ക്ക് ലഭിച്ച വായ്പകളാണ് ഒട്ടുമിക്ക ഹോട്ടലുകളുടെയും മൂലധനം. എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികൾ. സർക്കാർ മറ്റ് മേഖലകളിൽ നൽകുന്ന സഹായം ഹോട്ടൽ മേഖലയിലും നൽകണം'
വി.മുരളീധരൻ, വർക്കിംഗ് പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
..........................................
'ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനും വിവിധ ലൈസൻസുകൾ പുതുക്കാനും ബാങ്ക് ലോണുകൾ അടയ്ക്കാനും സാവകാശം അനുവദിക്കണം. വ്യാപാരികളുടെ മേലുള്ള ശിക്ഷണ നടപടികൾ അവസാനിപ്പിക്കണം'
രാജു അപ്‌സര, സംസ്ഥാന സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
.............................................
മോറട്ടോറിയം പ്രഖ്യാപിക്കണം
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്ക് വായ്പയെടുത്തിട്ടുള്ള ഹൗസ്ബോട്ട് ഉടമകളെ സഹായിക്കാൻ വായ്പകൾക്ക് മൊററട്ടോറിയം ഏർപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.