 സദ്യകഴിച്ചത് 40 പേർ മാത്രം

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാടകശാല സദ്യ ചടങ്ങായി നടത്തി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഭക്തരെ പങ്കെടുപ്പിക്കാതെ നാടകശാല സദ്യ നടത്തിയത്.

ഒമ്പതാം ഉത്സവ ദിനമാണ് പ്രസിദ്ധമായ നാടകശാല സദ്യ നടക്കുന്നത്. ഇന്നലെയായിരുന്നു ഒമ്പതാം ഉത്സവം. രാവിലെ 11ഓടെ ചടങ്ങുകൾ ആരംഭിച്ചു. സദ്യയൊരുക്കിയ നാലു പറ രാജേഷ് വലിയ പപ്പടവും പഴക്കുലയും നാടകശാലയുടെ പടിഞ്ഞാറെ മൂലയിൽ വടക്കുഭാഗത്തായി തൂക്കിയതോടെ സദ്യയ്ക്കുള്ള തുടക്കമായി.പിന്നീട് 40 ഓളം ഇലയിൽ വിഭവങ്ങൾ വിളമ്പിയ ശേഷം ക്ഷേത്രം ജീവനക്കാരെയും പാട്ടുകാരെയും പാസ് നൽകി അകത്തു പ്രവേശിപ്പിച്ചു. ഇവർ മാത്രമാണ് സദ്യ കഴിച്ചത്. ഉപ്പേരി 5 തരം, തൊടുകറി 5 വീതം, 5 തരം പായസം തുടങ്ങി എല്ലാവർഷവും വിളമ്പുന്ന വിഭവങ്ങളെല്ലാം ഇക്കുറിയും ഉണ്ടായിരുന്നു. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമായിരുന്നു സദ്യ. വാഴയില കുമ്പിൾ കുത്തി അതിൽ കറികൾ പകരുകയായിരുന്നു. കൽ ചട്ടിയും, ചിരട്ട തവിയും ഉപയോഗിച്ചു.

ഭക്തർക്ക് നാടകശാലയിൽ പ്രവേശനം ഇല്ലായിരുന്നുവെങ്കിലും ചടങ്ങ് ദർശിക്കാൻ ക്ഷേത്ര പരിസരത്ത് തിരക്കുണ്ടായിരുന്നു. അമ്പലപ്പുഴ പൊലീസിന്റെയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും കർശന നിർദ്ദേശാനുസരണമാണ് ചടങ്ങുകൾ നടന്നത്. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജു ആദ്യ ഇലയിൽ ചോറ് വിളമ്പി ഉദ്ഘാടനം നിർവഹിച്ചു. ചോറുവാരിയെറിയരുതെന്നും, പുറത്തു നിൽക്കുന്നവർക്ക് പങ്ക് വാരിക്കൊടുക്കരുതെന്നുമുള്ള ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം സദ്യയിൽ പങ്കെടുത്തവർ പാലിച്ചു. സദ്യ കഴിഞ്ഞ് സദ്യയിൽ പങ്കെടുത്തവർ പാട്ടു പാടി പുത്തൻ കുളം വരെ പോയി. മടങ്ങിയെത്തിയപ്പോൾ അമ്പലപ്പുഴ സി.ഐ ടി.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പഴക്കുലയും, പണക്കിഴിയും നൽകി സ്വീകരിച്ചു. ശേഷം ദേവസ്വം ബോർഡ് അധികൃതരും ഇതേ രീതിയിൽ സംഘത്തെ സ്വീകരിച്ചു. ചടങ്ങിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹവും ക്ഷേത്രത്തിലുണ്ടായിരുന്നു.മുഖാവരണം ധരിച്ചാണ് ഭൂരിഭാഗം ഭക്തരും ചടങ്ങ് ദർശിക്കാനെത്തിയത്.

കൊറോണയുടെ പശ്ചാത്തലത്തിൽ കലാപരിപാടികൾ ഒഴിവാക്കി ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾ മാത്രമായാണ് ഉത്സവാഘോഷം നടക്കുന്നത്. ഇന്ന് നടക്കുന്ന ആറാട്ടിന് ഒരു ആനയെ മാത്രമെ പങ്കെടുപ്പിക്കുന്നുള്ളു.ആരോഗ്യ വകുപ്പിന്റെ ഉത്തരവു പ്രകാരം പരമാവധി ഭക്തരെ ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നത്.