കർശന നടപടിയുമായി വാട്ടർ അതോറിട്ടി
ആലപ്പുഴ: വേനൽ കടുത്തതോടെ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ, പൊതുപൈപ്പുകളിൽ നിന്നുള്ള ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ വാട്ടർ അതോറിട്ടി രംഗത്തെത്തി. കുടിക്കാനായി നൽകുന്ന വെള്ളം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
അസിസ്റ്റന്റ് എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയുടെ വടക്ക്, തെക്ക് മേഖലകളിലായി പരിശോധന നടത്തും. ആന്റി തെഫ്ട് സ്‌ക്വാഡിന് പുറമേ സബ്സ്റ്റേഷനുകളിൽ നിന്ന് നേരിട്ടും പരിശോധന നടത്തുന്നുണ്ട്. കുടിവെള്ള മോഷണത്തിനും ചൂഷണത്തിനും വൻതുക പിഴയീടാക്കാൻ കഴിയും. പിഴ അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷവരെ നൽകാനുള്ള നടപടി സ്വീകരിക്കാം. അനധികൃതമായി വാട്ടർ അതോറിട്ടി ലൈനിൽ നിന്ന് കണക്ഷൻ എടുക്കുക, മീറ്റർ ഇല്ലാതെ കുടിവെള്ളം ഉപയോഗിക്കുക എന്നിവ ജലമോഷണമായാണ് കണക്കാക്കുന്നത്.
കുറ്റം കണ്ടുപിടിച്ചാൽ പിഴ ചുമത്തിയ നോട്ടീസ് നൽകും. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടയ്ക്കാത്ത പക്ഷം വീണ്ടുമൊരു കത്തയയ്ക്കും. രണ്ടാഴ്ച കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കിൽ കേസ് പൊലീസിന് കൈമാറും. പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. ആലപ്പുഴ നഗരസഭ, കുട്ടനാട് മേഖലയിലാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്നത്. തകഴി ഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിൽ അടിക്കടി പൊട്ടലുണ്ടാവുന്നതാണ് ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവാൻ കാരണം.
...........................
ശ്രദ്ധിക്കാൻ
# ചെടി നനയ്ക്കലും വാഹനം കഴുകലും ശുദ്ധജലം ഉപയോഗിച്ച് വേണ്ട
# ക്‌ളോറിനേറ്റ് ചെയ്ത് ശുദ്ധീകരിച്ച കുടിവെള്ളം ദുരുപയോഗം ചെയ്യരുത്
# വീടിന് പുറത്തെ ആവശ്യങ്ങൾക്ക് വാട്ടർ അതോറിട്ടിയുടെ വെള്ളം ഒഴിവാക്കണം
# കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കുറ്റകരം
....................................
ചെറുതല്ല ശിക്ഷ
ജലചൂഷണവും മോഷണവും ശ്രദ്ധയിൽപ്പെട്ടാൽ കേരള വാട്ടർ സപ്ളൈ ആൻഡ് സീവറേജ് ആക്ട് പ്രകാരം 10,000 മുതൽ 25,000 രൂപവരെ പിഴയോ ആറുമാസം വരെ തടവോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
..................................
അവർക്ക് എന്തുമാവാം!
വേനൽക്കാലത്ത് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാൻ മുൻകൈയെടുക്കുന്ന വാട്ടർ അതോറിട്ടി തങ്ങളുടെ വീഴ്ച കൊണ്ട് വെള്ളം പാഴാകുന്നത് തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വകുപ്പ് സ്ഥാപിച്ച പൈപ്പുകൾ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പല സ്ഥലങ്ങളിലായി ഒരു ദിവസം പാഴാകുന്നത്. ജില്ലയിലെ എല്ലാ സബ് ഡിവിഷനുകളിലും പൈപ്പുകൾ പൊട്ടുന്നതിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ദിവസങ്ങളോളം വെള്ളം പാഴായ ശേഷമാണ് ചോർച്ച അടയ്ക്കുന്നത്.