യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഏറ്റുമുട്ടി
മാവേലിക്കര: കൊറോണ നിയന്ത്രണം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തിര കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്- ബി.ജെ.പി അംഗങ്ങൾ തമ്മിൽ വാക്കുതർക്കവും ഏറ്റുമുട്ടലും. ഇന്നലെ വൈകിട്ട് നാലരയോടെ കൗൺസിൽ യോഗത്തിലെ അജണ്ടകൾ പൂർത്തിയായ ശേഷം അത്യാവശ്യകാര്യങ്ങൾ ചർച്ചയ്ക്കെടുത്തപ്പോഴാണ് കൗൺസിൽ പ്രശ്നങ്ങളുണ്ടായത്.
കണ്ടിയൂരിൽ ഹോട്ടൽ പ്രവർത്തിക്കുന്ന പുരയിടത്തോട് ചേർന്നുള്ള തോട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താതെ ഇവിടെ സ്വകാര്യ വ്യക്തിക്ക് മതിൽ നിർമ്മിക്കാനുള്ള അനുമതി നൽകരുതെന്ന് ബി.ജെ.പി കൗൺസിലറും പ്രതിപക്ഷ നേതാവുമായ രാജേഷ് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 1992ലെ യു.ഡി.എഫ് ഭരണകാലത്ത് താൻ സൂപ്രണ്ടായിരിക്കെ ഈ സ്ഥലം പതിച്ച് നൽകിയിരുന്നതാണെന്നും അതിനാൽ അനുമതി നൽകാവുന്നതാണെന്നും യു.ഡി.എഫ് അംഗമായ രമേശ് പറഞ്ഞു. തുടർന്ന് തർക്കമായി. ഒന്നര സെന്റ് ഭൂമിയുള്ള വൃദ്ധയ്ക്ക് സ്ഥലം പതിച്ചുനൽകാൻ തടസം നിന്നതും അവരുടെ മരണത്തിന് കാരണക്കാരനും രാജേഷ് ആണെന്ന് രമേശ് ആരോപിച്ചു. ഇതോടെ രാജേഷ് രമേശിന് നേരെ ആക്രോശിച്ച് പാഞ്ഞടുത്തപ്പോൾ യു.ഡി.എഫ് കൗൺസിലർ കോശി തുണ്ടുപറമ്പിൽ തടസം നിന്നു. ഈ സമയം ബി.ജെ.പിയുടെ വനിത കൗൺസിലർ സുജാത ദേവിയും എത്തി.
ഇതോടെ കൗൺസിൽ യോഗം പിരിച്ചുവിട്ട ചെയർപേഴ്സൺ ലീല അഭിലാഷ് ഇരുകൂട്ടരേയും പിന്തിരിപ്പിച്ചെങ്കിലും, തങ്ങളെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കമണമെന്നും പുറത്തേക്ക് പോകാൻ പൊലീസ് സംരക്ഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിനിടെ രാജേഷാണ് വൃദ്ധയുടെ മരണത്തിന് കാരണക്കാരൻ എന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് മകൻ കൗൺസിൽ ഹാളിലേക്ക് എത്തിയത് യു.ഡി.എഫ് അംഗങ്ങളെ കൂടുതൽ പ്രകോപിതരാക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഗോപന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാർ യുവാവിനെതിരെ പാഞ്ഞടുത്തതോടെ ചെയർപേഴ്സൺ ഇടപെട്ട് ഇയാളെ പുറത്തിറക്കി. തുടർന്ന് പൊലീസ് എത്തി ഇരുകൂട്ടരേയും പുറത്തേക്ക് കൊണ്ടുവന്നു.
പുറത്തിറങ്ങിയ കൗൺസിലർമാർ, കാത്തുനിന്ന പാർട്ടി പ്രർത്തകർക്കൊപ്പം കൂടി വീണ്ടും വാക്കേറ്റമുണ്ടാക്കി. ഇവരെ നഗരസഭ കോമ്പൗണ്ടിൽ നിന്ന് പുറത്താക്കണമെന്ന് സി.ഐ സാബു ജോർജിനോട് ചെയർപേഴ്സൺ ആവശ്യപ്പെട്ടു. തുടർന്ന് കൂടുതൽ പൊലീസ് എത്തി ഇരുകൂട്ടരേയും പിരിച്ചുവിട്ടു.
കൈക്ക് മുറിവേറ്റ ബി.ജെ.പി കൗൺസിലർ രാജേഷ്, പുറത്ത് അടിയേറ്റ സുജാത ദേവി, ശ്രീരഞ്ജിനിയമ്മ എന്നിവരെ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫ് കൗൺസിലർമാരായ രമേശ്, കോശി തുണ്ടുപറമ്പിൽ, കൃഷ്ണകുമാരി, പ്രസന്ന ബാബു എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.