ആലപ്പുഴ: ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കനാൽ വാർഡ് അറയ്ക്കൽ ഹൗസിൽ ഷിഹാബുദ്ദീൻ (ബോംബെ ഷിഹാബുദ്ദീൻ-57) ആണ് അറസ്റ്റിലായത്.
ലഹരി മാഫിയയ്ക്ക് എതിരെ സൗത്ത് പൊലീസ് രൂപീകരിച്ച ഓപ്പറേഷൻ ഡാർക്ക് ഡെവിൾ എന്ന ഗ്രൂപ്പാണ് ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്തത്. സൗത്ത് സി.ഐ എം.കെ.രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളക്കിണർ ഭാഗത്ത് നിന്ന് പിടിയിലായ ഇയാളിൽ നിന്ന് 30 ചെറു കവറുകളിലായി സൂക്ഷിച്ചിരുന്ന മുക്കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് മാസത്തിനുള്ളിൽ ഓപ്പറേഷൻ ഡാർക്ക് ഡെവിളിൽ 41 പേരാണ് കഞ്ചാവുമായി കുടുങ്ങിയത്. എസ്.ഐ കെ.ജി.രതീഷ്, പ്രബേഷണൽ എസ്.ഐ സുനേഖ് ജയിംസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദിഖ്, അരുൺ, അബീഷ എബ്രാഹിം, മോഹൻ കുമാർ,റോബിൻ സൺ എന്നവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.