ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലെ സഞ്ചരിക്കുന്ന അങ്കണവാടിക്ക് ശാപമോക്ഷം.
ഇരുപത് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച 93-ാം നമ്പർ അങ്കണവാടിക്ക് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലായിരുന്നു. ആദ്യഘട്ടങ്ങളിൽ തൊഴുത്തിലും വീടുകളിലെ ചാപ്രയിലുമൊക്കെ ആയിരുന്നു പ്രവർത്തനം. ഗ്രാമവാസിയായ ലേഖ, കുന്നത്ത് ഒരുസെന്റ് സ്ഥലം സൗജന്യമായും മൂന്ന് സെന്റ് സ്ഥലം കുറഞ്ഞ വിലയ്ക്കും നൽകിയതാണ് അങ്കണവാടിക്ക് ശാപമോഷത്തിന് വഴിയൊരുക്കിയത്. സ്ഥലത്തിനായുളള പണം ജനകീയമായി സംഭരിച്ചാണ് ലേഖയ്ക്ക് നൽകിയത്.
ജില്ലാ പഞ്ചായത്തിന്റെ 5.80 ലക്ഷം രൂപയും വനിതാശിശു വികസന വകുപ്പിന്റെ 8.70 ലക്ഷവും ചേർത്ത് 14.50 ലക്ഷം രൂപയാണ് കെട്ടിടത്തിനായി വിനിയോഗിച്ചത്. ചുറ്റുമതിലോടുകൂടി 600 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ ഹാളും അടുക്കളയും സ്റ്റോർ മുറിയും ഉൾപ്പെടുന്നുണ്ട്. സമീപത്തായി ശുചിമുറിയും നിർമ്മിച്ചിട്ടുണ്ട്. കുണ്ടും കുഴിയുമായി കിടന്ന വഴി 1.60 ലക്ഷം പഞ്ചായത്ത് നൽകിയാണ് പുനരുദ്ധരിച്ചത്. കൊറോണബാധയെ തുടർന്ന് ചടങ്ങ് ലളിതമയാണ് സംഘടിപ്പിച്ചത്. അങ്കണവാടിയുടേയും റോഡിന്റേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു വിനു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയായ ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ,രമേഷ് ബാബു,വാരനാട് 1248-ാം നമ്പർ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ, ഗ്രാമപഞ്ചായത്ത് മുൻ അംഗം ഗോമതിയമ്മ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗീത എന്നിവർ സംസാരിച്ചു. വാർഡ് അംഗം സനൽനാഥ് കൊച്ചുകരി സ്വാഗതവും അങ്കണവാടി അദ്ധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു.