ആലപ്പുഴ: കോവിഡ് ജാഗ്രതയ്ക്കിടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് എക്സൈസ് വകുപ്പ് ജില്ലയിലെ കള്ളഷാപ്പ് ലേലം നടത്തി. ഒമ്പത് റേഞ്ചുകളിലേക്കുള്ള ലേലമാണ് നടന്നത്. ലേലം നടപടികൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസ് ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
തടസമില്ലാതെ ലേല നടപടികൾ തുടർന്നു. ആകെയുള്ള 102 ഗ്രൂപ്പുകളിൽ 65 എണ്ണത്തിന്റെ ലേലമാണ് ഇന്നലെ നടന്നത്. 366 ഷാപ്പുകൾ ഇതിൽ ഉൾപ്പെടും. ലേലത്തിലൂടെ 2.23 കോടിയാണ് ലഭിച്ചത്. ഇന്ന് 37 ഗ്രൂപ്പുകളുടെ ലേലംകൂടി നടക്കും. സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും മാർഗ നിർദേശങ്ങൾ പൂർണമായും പാലിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലാണ് ലേലം നടത്തിയതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷിബുരാജൻ പറഞ്ഞു. നിശ്ചിത ആൾക്കാരെ മാത്രമാണ് ഓരോ ഗ്രൂപ്പിന്റേയും ലേലത്തിനായി അകത്തുകയറ്റിയത്. ഇവർക്ക് മാസ്‌ക് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകിയിരുന്നെന്നും ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.