ecoshop

ചാരുംമൂട്: നൂറനാട് കൃഷിഭവന്റെ ഗ്രാമ ജ്യോതി എക്കോഷോപ്പു നടത്തുന്ന വനിത നടത്തിയ ഒരു ലക്ഷം രൂപയുടെ തിരിമറിയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പണം കിട്ടാനുള്ള നാലുപേർ നൂറനാട് പൊലീസിനു കൊടുത്ത പരാതി അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം.

2018 ജൂണിൽ കർഷകരുടെയും, പഞ്ചായത്തിന്റെയും, കൃഷി വകുപ്പുദ്യോഗസ്ഥരുടേയും പങ്കാളിത്തത്തോടെ ഇടപ്പോൺ ജംഗ്ഷനിൽ തുടങ്ങിയ എക്കോ ഷോപ്പിലാണ് തട്ടിപ്പ് നടന്നത്. കെട്ടിടത്തിന്റെ ഉടമയെ തന്നെയാണ് ഇതിന്റെ നടത്തിപ്പ് ഏൽപ്പിച്ചിരുന്നത്. എന്നാൽ യാതൊരു വിധ കണക്കും ബോധിപ്പിക്കാതെ സ്വന്തം ഇഷ്ടപ്രകാരം കച്ചവടം നടത്തി വിവിധ ഏജൻസികളിൽ നിന്നു സാധനങ്ങൾ വാങ്ങി കടബാദ്ധ്യത വരുത്തിവച്ചെന്നും സ്ഥാപനത്തിന്റെ പ്രവർത്തനം മുടക്കി വിദേശത്തേക്കു പോയെന്നുമാണ് പരാതി. സാധനങ്ങൾ കൊടുത്ത വകയിൽ പണം കിട്ടാനുള്ള എ.കെ.സോമരാജൻ, ശശിധരൻ, സി.ജയകുമാർ, അരുൺ എന്നിവർ കോടതി മുഖേനയും, നേരിട്ടും കൊടുത്ത കേസുകളാണ് തുടർ അന്വേഷണമില്ലാതെ നൂറനാട് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്നത്. പണം ഇവരിൽ നിന്നു ഈടാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.