ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ 'കൈവിടാതിരിക്കാം കൈ കഴുകാം' എന്ന ആശയം ഉൾക്കൊണ്ട് നൂറിന് മേൽ കേന്ദ്രങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ തുടങ്ങി. ആശയത്തോട് വ്യക്തികളും സ്ഥാപനങ്ങളും കുടംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും സ്വാശ്രയസംഘങ്ങളും കൈകോർത്തതോടെയാണ് വിജയമായത്.
രാവിലെ 8 മണിയോടെ ഒരു മണിക്കൂറിനുള്ളിലാണ് ഇത്രയും അധികം കേന്ദ്രങ്ങൾ പൂർത്തിയാക്കി ആരോഗ്യമേഖലയ്ക്ക് തണ്ണീർമുക്കം മാതൃകയായത്. കട്ടച്ചിറയിൽ ചേർത്തലയിലെ അഭിഭാഷകനായ ജോസ് സിറിയക്ക് ചേർത്തല തണ്ണീർമുക്കം റൂട്ടിൽ തന്റെ വീടിന് മുന്നിൽ പ്രത്യേകം പൈപ്പും വാഷ് ബെയ്സനും കൈകഴുകുന്നതിനുളള സോപ്പും,സാനിറ്റൈസറും ഒരുക്കിയതോടൊപ്പം തണലിനായി കുടയും വെച്ച് കഴിഞ്ഞപ്പോൾ ഇത് മാതൃകയാക്കി കോക്കമംഗലം സ്‌കൂൾ അധികൃതർ കട്ടച്ചിറയിലും പഞ്ചായത്ത് ജംഗ്ഷനിലും സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തിലും ശുചീകരണ സംവിധാനം ഒരുക്കി. തിരക്കുളള ബസ് സ്റ്റോപ്പുകളിലെല്ലാം തന്നെ ബക്കറ്റും സോപ്പും വെളളവും ലഭ്യമാക്കുന്നതിനുളള നടപടികൾക്കും തുടക്കം കുറിച്ചു.
കുടുംബശ്രീ സി.ഡി.എസും പദ്ധതിയിൽ കൈകോർത്തു. അറുന്നൂറോളം യൂണിറ്റുകളാണ് ഈ പ്രവർത്തനം ഏറ്റെടുത്തത്. അടുത്ത ദിവസം മുതൽ റോഡിന് സമീപത്തുള്ള മുഴുവൻ വീടുകളും ബ്രേക്ക് ദി ചെയിൽ പദ്ധതിയിൽ അണിനിരക്കും എന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് അറിയിച്ചു. ഇതിനായി വ്യാപാര സ്ഥാപനങ്ങൾക്കും ഇതരം സംഘടനകൾക്കും പഞ്ചായത്തിൽ നിന്നു കത്ത് നൽകിത്തുടങ്ങി. കട്ടച്ചിറയിൽ നടന്ന് ചടങ്ങ് പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ് സിറിയക്ക്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ രേഷ്മരംഗനാഥ്,രമാമദനൻ,സുധർമ്മ സന്തോഷ് ,ബിനിത മനോജ്,അംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ,സനൽനാഥ്, സാനുസുധീന്ദ്രൻ, ഡോ.അമ്പിളി, ഹെൽത്ത് ഇൻസ്പെക്ടർ ഹരിലാൽ എന്നിവരും പങ്കെടുത്തു.