കുട്ടനാട്: വൈദ്യുതി പോസ്റ്റിൽ നിന്ന് തീ പടർന്ന് മിൽബൂത്ത് ജീവനക്കാരന് പൊള്ളലേറ്റു. രാധാ ജൂവലറി ഗ്രൂപ്പ് ഉടമ ഗോപകുമാറിന്റെയും സഹപ്രവർത്തകരുടേയും സമയോചിതമായ ഇടപെടലാണ് ജീവനക്കാരന്റെ ജീവന് തുണയായത്.
എടത്വ പുരയ്ക്കൽ കുഞ്ഞുമോനെയാണ് (75) ഭാഗ്യം തുണച്ചത്. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. രാധാ ജൂവലറിക്ക് സമീപം സ്ഥിതി ചെയ്യുന്ന വൈദ്യുതിപോസ്റ്റിൽ സ്ഥാപിച്ചിരുന്ന ജംഗ്ക്ഷൻ ബോക്സിനുള്ളിൽ നിന്നാണ് ആദ്യം തീ പടർന്നത്. തൊട്ടു താഴെയുള്ള മിൽമ ബൂത്തിന് മുകളിലേക്ക് തീ ആളിപ്പടർന്നു. ഇതോടെ ജനം പരിഭ്രാന്തരായി. ഈ സമയം ഗോപകുമാറും സഹപ്രവർത്തകരും ഓടിയെത്തി തീ അണച്ച്, ബൂത്തിലുണ്ടായിരുന്ന ജീവനക്കാരനെ രക്ഷിക്കുകയായിരുന്നു. ശരീരത്തിന്റെ ഒരു വശം തളർന്നുപോയ കുഞ്ഞുമോൻ മറ്റുജോലിയൊന്നും കഴിയാതെ വന്നതോടെയാണ് മിൽമ ബൂത്ത് ജീവനക്കാരനായത്. ഗോപകുമാറിന്റെയും മാനേജർ പാണ്ടങ്കരി കോന്നോത്ത് പത്മകുറിന്റെയും കൈകളിൽ രക്ഷാ പ്രവർത്തനത്തിനിടെ പൊള്ളലേറ്റു. ഷൈനികോശി, ഹരിദാസ്, സൂര്യ പ്രീജ, ശ്യാമ, ലാലു പി. ജോർജ് തുടങ്ങിയവരും ഗോപകുമാറിനുമൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇതിനിടെ ഫയർഫോഴ്സ് സ്ഥലത്തെത്തി. പ്രദേശത്തെ മുഴുവൻ വൈദ്യുതി ലൈനുകളും കെ.എസ്.ഇ.ബി ഓഫാക്കിയതും അപകട വ്യാപ്തി കൂടാതിരിക്കാൻ സഹായിച്ചു.