അരൂർ: കൊറോണ നിരീക്ഷണത്തിലിരിക്കുന്ന കുടുംബം ബാങ്കിൽ എത്തിയതിനെ തുടർന്ന് കോർപ്പറേഷൻ ബാങ്ക് എഴുപുന്ന ശാഖ അഞ്ചു ദിവസത്തേക്ക് അടച്ചു. ചേർത്തല വെട്ടയ്ക്കൽ സ്വദേശികളായ കുടുംബമാണ് വിവിധ ആവശ്യങ്ങൾക്കായി എത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

ഇവർ നിരീക്ഷണത്തിലിരിക്കുന്നവരാണെന്ന വിവരം ലഭിച്ചതോടെ ഉച്ച മുതൽ ഇടപാടുകാരെ ബാങ്ക് നിരീക്ഷിക്കുകയും വിലക്കുകയും ചെയ്തിരുന്നു. റീജണൽ ഓഫീസിന്റെ നിർദ്ദേശം അനുസരിച്ച് ചൊവ്വാഴ്ച ബാങ്ക് പൂട്ടുകയും ചെയ്തു. അടുത്ത തിങ്കളാഴ്ച കിട്ടുന്ന പരിശോധനാ ഫലം അനുസരിച്ചായിരിക്കും ബാങ്ക് തുറക്കുന്ന കാര്യം നിശ്ചയിക്കുക. ആധികാരിക വിവരം തരേണ്ട ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്തില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ബാങ്ക് അധികൃതർ സമീപിച്ചെങ്കിലും അറിയില്ല എന്നായിരുന്നത്രെ മറുപടി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഓഫീസ് കോർപ്പറേഷൻ ബാങ്കിൽ നിന്നു നൂറ് മീറ്റർ മാത്രം അകലെയാണ്.

ഒരു ദിവസം നിരവധി ഇടപാടുകാരാണ് ബാങ്കിന്റെ സേവനത്തിനായി എത്തുന്നത്. പെട്ടെന്ന് ഒരു ദിവസം ബാങ്ക് പൂട്ടിയതോടെ ഇടപാടുകാർ അങ്കലാപ്പിലായി.