കരിമീന് ആവശ്യക്കാർ കുറഞ്ഞു
ആലപ്പുഴ: കൊറോണ ഭീതിയിൽ ജില്ലയിൽ വിനോദ സഞ്ചാര മേഖല നിശ്ചലമായതോടെ കരിമീൻ കർഷകർ പ്രതിസന്ധിയിൽ. ഹൗസ് ബോട്ടിലും ഹോട്ടലുകളും റിസോർട്ടുകളിലുമാണു കരിമീൻ കൂടുതലായി വാങ്ങിയിരുന്നത്. സഞ്ചാരികളുടെ വരവു കുറഞ്ഞതോടെ റിസോർട്ടുകൾ കരിമീൻ വാങ്ങുന്നില്ല. ചേർത്തല, മുഹമ്മ, പൂച്ചാക്കൽ,തണ്ണീർമുക്കം, കുട്ടനാട് എന്നിവിടങ്ങളിലാണ് ജില്ലയിൽ കൂടുതൽ കരിമീൻ കൃഷി ചെയ്യുന്നത്. നേരത്തെ ദിവസവും പിടിക്കുന്ന കരിമീൻ പൂർണമായും വിൽപന നടത്തിയിരുന്ന ഉൾനാടൻ മത്സ്യ സഹകരണ സംഘത്തിൽ ഇപ്പോൾ കിലോകണക്കിന് കരിമീൻ സ്റ്റോക്കുണ്ട്. കരിമീനിന്റെ വിൽപന കൂടാൻ പല സംഘങ്ങളും വില കുറച്ചു. എ പ്ലസ് കരിമീനിനു കിലോയ്ക്ക് 460 രൂപയിൽ നിന്നു 430 രൂപയായും എ വിഭാഗത്തിന് 410രൂപയിൽ നിന്നു 380, ബി വിഭാഗത്തിനു 330 രൂപയിൽ നിന്നു 300, സി വിഭാഗത്തിനു 230 രൂപയിൽ നിന്നു 210 രൂപയുമാണ് കുറച്ചത്.
അതേസമയം മത്തിക്കു വില കുതിച്ചു കയറുകയാണ്. കിലോയ്ക്ക് 200 രൂപയാണ് ഇപ്പോൾ മത്തിവില. പക്ഷിപ്പനിയുടെ വ്യാജപ്രചാരണത്തിൽ കടൽ മത്സ്യങ്ങൾക്ക് ഡിമാന്റേറിയെങ്കിലും ജില്ലയിൽ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അന്യസംസ്ഥാന മീനാണ് മീൻ മാർക്കറ്റുകളിൽ ഇടംപിടിക്കുന്നത്. രാമേശ്വരം, നാഗപട്ടണം, തൂത്തുക്കുടി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നാണ് കടൽ മത്സ്യങ്ങൾ എത്തുന്നത്. രണ്ടു മാസമായി മത്സ്യ ദൗർലഭ്യം മൂലം കടുത്ത പ്രതിസന്ധിയിലാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികൾ.
.........
മത്സ്യബന്ധന മേഖലയ്ക്ക് ഇരുട്ടടി
വറുതിയിൽ വലഞ്ഞിരുന്ന മത്സ്യമേഖലയിൽ പ്രതീക്ഷയുടെ തിരിവെട്ടം കണ്ടുതുടങ്ങിയപ്പോഴാണ് കൊറോണ ഭീഷണിയായെത്തുന്നത് . പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ മത്സ്യലേല ഹാളുകളിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് ആശങ്കയ്ക്കു കാരണമാകുകയും ചെയ്യുന്നു. കയറ്റുമതി മേഖലയെ കോവിഡ് കാര്യമായി ബാധിക്കുമെന്ന ആശങ്കയുണ്ടാക്കി. ആഭ്യന്തര വിപണിയിൽ മത്സ്യത്തിനു വില വർദ്ധിച്ചെങ്കിലും കയറ്റുമതി കുറഞ്ഞു. കൊറോണ ഭീഷണിയെ തുടർന്നു വിദേശ വിപണിയിലുണ്ടായ മാന്ദ്യമാണ് കയറ്റുമതി ചെയ്യുന്ന മത്സ്യത്തിന്റെ വിലയിടിയാൻ കാരണം. ചെമ്മീൻ കയറ്റുമതിയിലാണ് വൻകുറവുണ്ടായത്.
.......
# മത്സ്യവില(കിലോഗ്രാമിന് രൂപയിൽ )
മത്തി: 200
വട്ടമത്തി: 180
ആവോലി: 750
അയല : 270
ചൂര: 400
കൊഴുവ: 220
നെയ്മീൻ: 950
കിളിമീൻ: 200
ചെമ്മീൻ: 450
.........
'' ടൂറിസം സീസൺ ആരംഭിക്കാനിരിക്കെയുണ്ടായ കൊറോണ ഭീഷിണി കരിമീൻ കർഷകരെ തളർത്തുകയാണ്. പല സ്ഥലങ്ങളിലും കരിമീനിന്റെ വിളവെടുപ്പ് കാലമാണ്. ടൂറിസം മേഖല മാന്ദ്യത്തിലായതോടെ കച്ചവടം തീരെ കുറവാണ്.
(കരിമീൻ കർഷകർ,മുഹമ്മ)