ആലപ്പുഴ: പോക്സോ കേസിൽ കുടുക്കി പ്രതിയാക്കി മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്ത എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകൻ എസ്. വേണുവിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതൃകാ സംസ്കൃത പഠനകേന്ദ്രത്തിലെ പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെ തിരിച്ചെടുക്കാൻ മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഇവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപകീർത്തിപ്പെടുത്തി മാനസികമായും തൊഴിൽപരമായും നിരന്തരം പീഡിപ്പിക്കുന്നതിനെതിരെ മാനേജർക്ക് എതിരെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വേണു ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് ഒരുവർഷം കഴിഞ്ഞാണ് ചില വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളെ സ്വാധീനിച്ച് വേണുവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. അടുത്ത പ്രഥമാദ്ധ്യാപകനാകേണ്ടിയിരുന്ന വേണുവിന്റെ സ്ഥാനക്കയറ്റം ഇല്ലാതാക്കാൻ ചിലർ ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കേസ്. തുടർന്ന് ബോയ്‌സ് സ്‌കൂളിലേക്കു സ്ഥലം മാറ്റാനും ശ്രമിച്ചു. എന്നാൽ അവിടെയുള്ള സംസ്‌കൃത അദ്ധ്യാപിക സ്റ്റുഡന്റ്‌സ് പൊലീസിന്റെ ചുമതലക്കാരിയായതിനാൽ പരസ്പരമുള്ള സ്ഥലം മാറ്റം നടന്നില്ല. പോക്സോ കേസിൽ കുടുങ്ങിയ വേണു ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ നിന്ന് കഴിഞ്ഞ സെപ്തംബർ 3ന് ജാമ്യം അനുവദിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ വിധി എന്തുതന്നെ ആയാലും നിലവിലെ ഉത്തരവ് അനുസരിച്ച് വേണുവിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് പൂർവവിദ്യാർത്ഥികളായ എൻ.രമേശൻ, ശാന്താ ഗോപിനാഥ്, ടോണി, കെ.പി.സി.നായർ, എൻ.ഗോപിനാഥൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.