ബോധവത്കരണം ഊർജിതമാക്കും
ആലപ്പുഴ: കൊറോണ പ്രതിരോധ, നിയന്ത്രണ, കരുതൽ നടപടികൾ പഴുതുകൾ ഒഴിവാക്കി യുദ്ധകാലാടിസ്ഥാനത്തിൽ ഊർജ്ജിതവും വ്യാപകവുമാക്കാൻ ആലപ്പുഴ നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഭാരവാഹികൾ, അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത ശേഷം ചേർന്ന കൗൺസിലിലാണ് തീരുമാനം.
ഡിവിഷൻ അടിസ്ഥാനത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചാവും ബോധവത്കരണ പ്രവർത്തനങ്ങൾ. ആരോഗ്യവകുപ്പിന്റെ 'ആശങ്ക വേണ്ട ജാഗ്രത മതി', 'ബ്രേക്ക് ദി ചെയിൻ' തുടങ്ങിയ ആശയങ്ങളിലൂന്നി കൈകഴുകൽ ഉൾപ്പെടെയുള്ള വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ സംബന്ധിച്ച് കൂടുതൽ ബോധവത്കരണം നടത്തും.
നഗരസഭയിലെ 52 ഡിവിഷനിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശാവർക്കമാർ, അങ്കണവാടി അദ്ധ്യാപകർ, സന്നദ്ധ പ്രവർത്തകർ, ലഭ്യമെങ്കിൽ ഡോക്ടർ എന്നിവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ ഉടൻ രൂപീകരിക്കാൻ നടപടികൾ ആരംഭിച്ചു. മുൻകരുതൽ സ്വയം സ്വീകരിച്ചാകും ജാഗ്രതാ സമിതികളുടെ പ്രവർത്തനം. ആവശ്യമെങ്കിൽ കരുതൽ കേന്ദ്രങ്ങളായി ഉപയോഗിക്കാൻ സ്‌കൂളുകൾ, ലോഡ്ജുകൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ, ആഡിറ്റോറിയങ്ങൾ തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കും.
ഏക കവാട പ്രവേശനം!
നഗരസഭ ഓഫീസിലേക്കുള്ള പ്രവേശനം ഏക കവാടത്തിലൂടെ നിയന്ത്രിക്കും. അത്യാവശ്യ കാര്യങ്ങളില്ലാത്തവർ ഓഫീസിൽ വരുന്നത് ഒഴിവാക്കണം. കുടിവെള്ള ലഭ്യതയും മെഡിക്കൽ സ്റ്റോറുകളിൽ ജെനറിക് മെഡിസിൻ ലഭ്യതയും ഉറപ്പാക്കും. മാലിന്യ നിർമ്മാർജ്ജനം, ഓടകളിൽ നിന്നെടുത്ത മണ്ണ് നീക്കംചെയ്യൽ എന്നിവ അടിയന്തരമായി പൂർത്തിയാക്കും. നഗരപരിധിയിലെ ആശുപത്രികൾ സുസജ്ജമാണെന്ന് ഉറപ്പുവരുത്തും. യോഗത്തിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ.റസാക്ക്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
.................................
52 വാർഡിലെ 48,000 കുടുംബങ്ങളിൽ 10,000 അമ്മമാരുടെ നേതൃത്വത്തിൽ ബോധവത്കരണ സന്ദേശ ലഘുലേഖകൾ
വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ എ.ഡി.എസ് ഭാരവാഹികൾ, അങ്കണവാടി പ്രവർത്തകർ, അദ്ധ്യാപകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ രംഗത്തിറങ്ങി
സജീവമായി നിന്നത് 1300 അയൽകൂട്ടങ്ങളിലെ പ്രവർത്തകർ
ഓരോ അയൽകൂട്ടവും 15ന് താഴെ വീടുകൾ സന്ദർശിച്ചു