പൂച്ചാക്കൽ: ലൈഫ് ഭവനപദ്ധതി മൂന്നാംഘട്ടം, വിശപ്പ് രഹിത പാണാവള്ളി, ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ ഫിസിക്കൽ ഫിറ്റ്നസ് സെന്റർ, സമ്പൂർണ്ണ കുടിവെള്ള പദ്ധതി, സ്മാർട്ട് ക്ലാസ് റൂം, കേരഗ്രാമം, പൊതുശ്മശാനം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബസ് സ്റ്റാന്റ് നിർമ്മാണം, സമ്പൂർണ്ണ വൈ ഫൈ - കെ ഫോൺ പദ്ധതി തുടങ്ങിയ നിർദ്ദേശങ്ങളോടെ പാണാവള്ളി ഗ്രാമപഞ്ചായത്ത്ബഡ്ജറ്റ്. 25.35കോടി രൂപ വരവും 24.89 കോടി രൂപ ചെലവും 46.72 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിയ്ക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷീബ സത്യൻ അവതരിപ്പിച്ചു. കാർഷിക മേഖലയിൽ നെൽകൃഷി വികസനം, നാളികേരസമൃദ്ധി, ജൈവ പച്ചക്കറി കൃഷി, ഇടവിളകൃഷി ഉൾപ്പടെ 208 2500 രൂപ വകയിരുത്തിയ ബഡ്ജറ്റ് കൃഷി വകുപ്പിന്റെ സമഗ്ര നാളികേര കൃഷി ലക്ഷ്യം വയ്ക്കുന്നകേരഗ്രാമ പദ്ധതിയും പ്രഖ്യാപിച്ചു. മൃഗാശുപത്രിയ്ക്ക് മരുന്ന് ഉൾപ്പടെ 43,30000 രുപ നീക്കിവച്ചു.പൊതു വിദ്യാഭ്യാസ മികവുയർത്താൻ സ്മാർട്ട് ക്ലാസ് റും,എസ്.എസ്.എ വിഹിതം, വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം, വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം, പ്രീ പ്രൈമറി സ്കൂളുകൾക്ക്‌ കളിപ്പാട്ടങ്ങൾ ,,സ്കൂൾ പാചകപ്പുര, ആയമാർക്ക് വേതനം, എസ്.സി,എസ്.ടി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ഫർണിച്ചർ എന്നീ പദ്ധതികൾക്കായി 33,68640 രൂപ നീക്കിവച്ചു. ക്ഷേമപെൻഷനുകൾക്ക് 7 കോടി രൂപാ വകയിരുത്തി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ തോടുകളും ശുചീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് .ഡോ.പ്രദീപ് കൂടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രേംലാൽ, പി.കെ. സുശീലൻ, ഷീല കാർത്തികേയൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ, അഡ്വ.എസ്.രാജേഷ് എന്നിവർ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി പി.എം.ഉഷ സ്വാഗതം പറഞ്ഞു.