 അതീവശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ആലപ്പുഴ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി താഴേത്തട്ടിൽ ബോധവത്കരണ പ്രവർത്തനം, പ്രോട്ടോകോൾ, പരിസരശുചിത്വം, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ മൊത്തമായ മോണി​റ്ററിംഗ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്റി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർദ്ദേശം നൽകി.

എല്ലാ പ്രതിരോധ പ്രവർത്തനങ്ങളുടെയും ദൈനംദിന മോണി​റ്ററിംഗ് ചുമതല സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ ഏ​റ്റെടുക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ മന്ത്റി എ.സി.മൊയ്തീൻ എന്നിവരും മുഖ്യമന്ത്റിയോടൊപ്പം വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ജില്ലാപഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ അതത് സ്ഥാപനങ്ങളിൽ വീഡിയോ കോൺഫറൻസ് കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ജി.വേണുഗോപാൽ, വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ.നാസർ, ​ടി.വി.രാജൻ, ജി.കൃഷ്ണപ്രസാദ്, എ.എം.നസീർ, അഡ്വ. പി.എസ്.അജ്മൽ, ആർ.ഉണ്ണിക്കൃഷ്ണൻ, കെ.എസ്.പ്രദീപ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

# നിർദ്ദേശങ്ങൾ

 തദ്ദേശീയമായി ലഭിക്കുന്ന വിവരങ്ങളുടെയും സമാഹരിക്കുന്ന കാര്യങ്ങളുടെയും കൃത്യത ഉറപ്പാക്കണം

 പരാതികൾ പരിഹരിക്കുന്ന സംവിധാനം ഉണർന്നിരിക്കണം

 ദിനംപ്രതി വരുന്ന വിവരങ്ങൾ അന്തിമമാക്കി അധികൃതരെ അറിയിക്കുകയെന്നത് പ്രാദേശിക ഭരണസമിതി അദ്ധ്യക്ഷൻമാരുടെ ചുമതല

 ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷന്മാർക്ക് പരിസര ശുചീകരണത്തിന്റെയും വീടുകളിലെ നിരീക്ഷണത്തിന്റെയും ചുമതലയുണ്ട്. വാർഡ് തല ചുമതല മെമ്പർമാർ ഏ​റ്റെടുക്കണം. പ്രത്യേകം നിയോഗിക്കപ്പെട്ട കമ്മി​റ്റികളുടെ പ്രവർത്തനത്തിന്റെ നേതൃത്വവും അവർ നിറവേ​റ്റണം

 തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജാഗ്രത കാട്ടണം

.....................................................

 നോക്കിയിരിക്കരുത് സെക്രട്ടറിമാർ

ജനപ്രതിനിധികൾക്കൊപ്പം അതേ പ്രതിബദ്ധതയോടെ ചുമതല നിർവഹിക്കേണ്ടവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥ തലത്തിൽ ഉത്തരവാദിത്വങ്ങൾ നിർവചിച്ചു നൽകേണ്ടതും വിവരങ്ങൾ കൈമാറേണ്ടതും സെക്രട്ടറിമാരാണ്. അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യണം. അതിവേഗം പടരുന്നു എന്ന പ്രത്യേകതയുള്ളതിനാൽ കൊറോണയ്ക്കെതിരെ പഴുതുകളില്ലാത്ത സൂക്ഷ്മതയോടെ മുന്നോട്ട് പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തി ശുചിത്വം, മാലിന്യ സംസ്കരണം, രോഗമുള്ളവരിൽ നിന്നുള്ള അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.