ആലപ്പുഴ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ സാനിട്ടൈസറുകൾക്ക് വിപണിയിലുള്ള ലഭ്യതക്കുറവ് പരിഗണിച്ച് ജില്ലാജയിലിൽ 'ഫ്രീഡം സാനിട്ടൈസർ' നിർമ്മാണം തുടങ്ങി. കളർകോട് എസ്.ഡി കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയുടെ മേൽനോട്ടത്തിൽ ജയിൽ ജീവനക്കാരും അന്തേവാസികളും ചേർന്നാണ് ഗുണനിലവാരമുള്ള സാനിട്ടൈസർ നിർമ്മിക്കുന്നത്.

സാനിട്ടൈസറുകൾ നിർമ്മിക്കാൻ കഴിഞ്ഞദിവസം വകുപ്പിന്റെ ഉത്തരവ് ലഭിച്ചിരുന്നു.100 മില്ലി സാനിട്ടൈസറിന് 50 രൂപയാണ് ഈടാക്കുന്നത്. ഫ്രീഡം സാനിട്ടൈസർ എന്ന പേരിലാവും ഇത് വിപണിയിലെത്തുക. സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്ന് സാനിട്ടൈസർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ല ജയിൽ സൂപ്രണ്ട് ആർ.സാജൻ പറഞ്ഞു. കൂടാതെ കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കും ജയിലിലെ അന്തേവാസികൾ തന്നെ നിർമ്മിക്കുന്നുണ്ട്. 10 രൂപയാണ് ഒരു മാസ്കിന്. അണുവിമുക്തമാക്കിയ ശേഷമാണ് വിപണിയിലെത്തിക്കുന്നത്.

എസ്.ഡി കോളജ് രസതന്ത്ര വിഭാഗം മേധാവി ഡോ.ബി.ഉഷാകുമാരി, ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകൻ ഡോ.ജി.നാഗേന്ദ്ര പ്രഭു, ഡോ.പി.എസ്.പരമേശ്വരൻ, ഡോ.കെ.എച്ച്.പ്രേമ, ഷൈൻ ആർ.ചന്ദ്രൻ, ലാബ് ജീവനക്കാരൻ ബാബു തുടങ്ങിയവരാണ് തടവുകാർക്ക് പരിശീലനം നൽകിയത്. എസ്.ഡി കോളജ് തയ്യാറാക്കിയ കൊറോണ പ്രതിരോധ പോസ്റ്ററുകളും അന്തേവാസികൾക്ക് കൈമാറി. അസിസ്റ്റൻറ് സൂപ്രണ്ട് പ്രതാപനും

പങ്കെടുത്തു.