ആലപ്പുഴ:പൊതുജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടിയും മാർഗ്ഗ നിർദ്ദേശങ്ങളും നൽകി കൊറോണക്കെതിരെ കരുതലും ജാഗ്രതയുമായി 24 മണിക്കൂറും സേവന സജ്ജമാണ് ജില്ലയിലെ കൺട്രോൾ റൂമുകൾ. ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിലും കളക്ടറേ​റ്റിലുമാണ് കൺട്രോൾ റൂമുകൾ.

ദിനംപ്രതി 200 നും 250 നും ഇടയിൽ കോളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുമടക്കം കൺട്രോൾ റൂമുകളിലേക്കെത്തുന്നത്. ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങളും സംശയങ്ങളും . എന്നാൽ നിലവിലെ സാഹചര്യത്തിൽ കൊറോണ കെയർ സെന്ററുകളിൽ പാലിക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള സംശയങ്ങളാണ് കൺട്രോൾ റൂമുകളിലേക്കെത്തുന്ന കോളുകളിൽ കൂടുതലും. ജില്ലയിലെ 82 ആരോഗ്യകേന്ദ്രങ്ങൾ വഴിയാണ് കൊറോണ കെയർ സെന്ററിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പകർമാരാണ് വിവിധ ഷിഫ്റ്റുകളിലായി കൺട്രോൾ റൂമുകളിൽ പ്രവർത്തിക്കുന്നത്. പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും കൺട്രോൾ റൂമുകളിലൂടെ ലഭ്യമാക്കുന്നുണ്ട്.
നമ്പരുകൾ 0477 -2251650
0477 -2239999.