അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവത്തിന് ആറാട്ടോടെ ഇന്നലെ കൊടിയിറങ്ങി. രാവിലെ കണി കാഴ്ചയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.ഭഗവാനെ എഴുന്നള്ളിച്ച് അഭിഷേകം നടത്തി മഞ്ഞൾ പൊടി ആടി പ്രസന്ന പൂജക്കു ശേഷം ശ്രീകോവിലിലേക്ക് ആനയിച്ചു.ആറാട്ട് ചട്ടത്തിൽ ചാർത്താനുള്ള മാലയും ,ഉടയാടയും നവരാക്കൽ ക്ഷേത്രത്തിൽ നിന്ന് എത്തിച്ചു. തന്ത്രി ശ്രീകോവിലിൽ പൂജ കഴിച്ചു ബിംബം പട്ടുകൊണ്ടു മൂടിക്കെട്ടി ആറാട്ടുബലിക്കായി പുറത്തേയ്ക്ക് എഴുന്നള്ളിച്ചു.ആറാട്ടുബലിക്കു ശേഷം ദിക്ക് കൊടികൾ ഇറക്കി ആനക്കൊട്ടിലിലെത്തി ഗജപൂജ നടത്തി. പാണി കൊട്ടിയ ശേഷം വൈകിട്ട് 5 ഓടെ ആറാട്ട് പുറപ്പെട്ടു.അമ്പലപ്പുഴ വിജയകൃഷ്ണൻ ഭഗവാന്റെ തിടമ്പേറ്റി. ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലായിരുന്നു ആറാട്ട്.