kart

 കാർത്ത്യായനിയമ്മയുടെ കൊറോണ കത്ത് ഏറ്റെടുത്ത് ജില്ലാ ഭരണകൂടം

ആലപ്പുഴ: അക്ഷരം പഠിച്ച് പത്രവായന പതിവാക്കിയതോടെയാണ്, അക്ഷരമുത്തശ്ശി കാർത്ത്യായനിയമ്മ കൊറോണയെപ്പറ്റയും ഇത്രയും ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നതിനെപ്പറ്റിയും അറിഞ്ഞത്. അവർക്കുവേണ്ടി തനിക്കെന്തു ചെയ്യാനാവുമെന്നായി 96-ാം വയസിലെ ചിന്ത. സാക്ഷരതാ പ്രേരകിന്റെ

സഹായത്തോടെ കാർത്ത്യായനിയമ്മ കത്തെഴുതിത്തുടങ്ങി; 'എന്റെ പ്രിയപ്പെട്ട മക്കളേ...'എന്നു തുടങ്ങുന്ന ആ കത്തിലുണ്ട് ഒരമ്മയുടെ കരുതൽ.

സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി താരമായ കാർത്ത്യായനിയമ്മയാണ് കത്തിലൂടെ കൊറണ പ്രതിരോധത്തിന്റെ സന്ദേശവാഹകയായത്. വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ മ​റ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്‌നേഹത്തോടെ നോക്കിക്കാണുകയാണ് കാർത്ത്യായനി അമ്മ. കൊറോണയെ നമുക്ക് എല്ലാവർക്കും ഒന്നിച്ച് നേരിടാമെന്നും ഐസൊലേഷനിൽ ഇരിക്കുന്ന മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞുകൊണ്ടുമാണ് കത്ത് അവസാനിക്കുന്നത്.

ഇക്കാര്യം അറിഞ്ഞ കളക്ടർ എം. അഞ്ജന കാർത്ത്യായനി അമ്മയുടെ വീട്ടിൽ നേരിട്ടെത്തി കത്ത് ഏ​റ്റുവാങ്ങി. ഹസ്ത ദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാൽ കൂപ്പു കൈകളോടെ നമസ്‌തെ പറഞ്ഞാണ് കാർത്ത്യായനി അമ്മ കളക്ടറെ സ്വീകരിച്ചത്. കോവിഡ് 19 ബാധ ഏൽക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കാർത്ത്യായനി അമ്മയുമായി കളക്ടർ ചർച്ച ചെയ്തു. നാരീ പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിൽ പോയ വിശേഷങ്ങളും കളക്ടർ ചോദിച്ചറിഞ്ഞു.

ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്ന മുഴുവൻ ആളുകളിലേക്കും ഈ കത്ത് എത്തിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയാണ് കളക്ടർ മടങ്ങിയത്. ഐസൊലേഷൻ കഴിയുന്ന ആളുകൾക്ക് ഈ കത്ത് അയയ്ക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി.