ആലപ്പുഴ:പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തേക്ക് 16.84 കോടി രൂപ വരവും 16.76 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് വി. കെ. വിശ്വനാഥൻ അവതരിപ്പിച്ചു. കാർഷിക, മൃഗ സംരക്ഷണ മത്സ്യമേഖലകൾക്ക് പ്രാധാന്യം നൽകുന്നതാണ് ബഡ്ജറ്റ്. നെൽകൃഷി മേഖലയിൽ 11 ലക്ഷം രൂപയും മ​റ്റു കാർഷിക വികസന പദ്ധതികൾക്കായി ആറ് ലക്ഷം രൂപയും മത്സ്യ മേഖലയ്ക്കായി ആറ് ലക്ഷം രൂപയും നീക്കിവച്ചു.

ബയോ ഗ്യാസ് പ്ലാന്റിനായി മൂന്നു ലക്ഷം രൂപയും സേവന മേഖലയ്ക്കായി ഏഴു കോടി രൂപയും വകയിരുത്തി. എൽ. ഇ .ഡി ഗ്രാമം പദ്ധതിയ്ക്കായി 20 ലക്ഷം രൂപയും തോടുകൾ ശുചീകരിക്കുന്നതിനായി 35 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.
പ്രസിഡന്റ് സുവർണ പ്രതാപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ആർ.രതീഷ് കുമാർ, ഗീത ബാബു, സബിത,ആർ സിന്ധു,ഷിബി ഓമനക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി വി.ജെ പോൾ എന്നിവർ സംസാരിച്ചു.