പൂച്ചാക്കൽ: പൂച്ചാക്കൽ മേഖലയിലെ കൈത്തറി നെയ്ത്ത് തൊഴിലാളികൾക്ക് വേതന കുടിശികയുടെ ആദ്യ ഗഡു ഇന്നലെ കിട്ടി. ഏഴു മാസമായി ഇവർ കൂലി കിട്ടാതെ ജോലി ചെയ്യുന്ന വിവരം 'കേരളകൗമുദി'യാണ് റിപ്പോർട്ട് ചെയ്തത്.

പാണാവള്ളി കൈത്തറി സഹകരണ സംഘത്തിലുൾപ്പെടെ ജില്ലയിലെ നൂറ് കണക്കിന് നെയ്ത്ത് തൊഴിലാളികളാണ് വ്യവസായ വകുപ്പിന്റെ അവഗണന മൂലം പട്ടിണിയിലായത്. കൈത്തറി മേഖലയെ പുനരുദ്ധരിക്കാൻ വേണ്ടി സ്കൂളുകളിൽ കൈത്തറി യൂണിഫോം സർക്കാർ നടപ്പാക്കിയെങ്കിലും അതിന്റെ ഗുണഫലം തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. നാട്ടിൻപുറങ്ങളിലെ വസ്ത്ര ലഭ്യതയ്ക്കായി, പണ്ട് രാജാക്കന്മാരാണ് ഗ്രാമങ്ങളിൽ പാർപ്പിച്ച് അവർക്കുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നത്. എന്നാൽ, പവർലൂം മെഷീനുകൾ വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. പൂച്ചാക്കൽ മേഖലയിൽ മാത്രം 158 കുടുംബങ്ങൾ കൈത്തറി നെയ്ത്ത് ഉപജീവനമാക്കിയിരുന്നു. ഇപ്പോൾ അത് 23 കുടുംബങ്ങളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.