a

മാവേലിക്കര: വിധവയായ യുവതിയുടെ വീട്ടിലെ പോർച്ചിൽ കിടന്ന കാറിന് അജ്ഞാതർ തീയിട്ടു. കാറിൽ നിന്ന് തീ പടർന്ന് വീടിനും നാശനഷ്‌ടമുണ്ടായി. വൃദ്ധയായ അമ്മയെയും മൂന്നു മക്കളെയും ഒപ്പം ചേർത്ത് അയൽ വീട്ടിൽ അഭയം പ്രാപിച്ചാണ് വീട്ടമ്മ രക്ഷനേടിയത്.

വടക്കേ മങ്കുഴി പുതുപ്പുരക്കൽ ആർച്ചയുടെ (36) വീട്ടിലാണ് അതിക്രമം നടന്നത്. വ്യാഴാഴ്ച പുലർച്ചെ 2ന് ശേഷമാണ് സംഭവം. ഈ സമയം ആർച്ചയെക്കൂടാതെ അമ്മ ലതികയും മക്കളായ ശ്രീനിധി, ശ്രീറാം, ശ്രീധന്യ എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. ആർച്ചയുടെ ഭർത്താവ് ശ്രീകുമാർ 2019 ഒക്ടോബറിൽ വിദേശത്ത് വച്ച് മരണമടഞ്ഞിരുന്നു.
കല്ലുമല ബിഷപ്മൂർ സ്കൂൾ വിദ്യാർത്ഥിനിയായ ശ്രീനിധിക്ക്, ഏതാനും മാസം മുമ്പ് സ്കൂളിൽ നിന്ന് വരുന്നവഴി മരം ഒടിഞ്ഞ് വീണ് കഴുത്തിനും കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. കാറും വീടും അഗ്നിക്കിരയാകുന്നതിനിടെ, പരസഹായമില്ലാതെ നടക്കാനാവാത്ത ഈ മകളെയും മറ്റു മക്കളെയും ചേർത്തു പിടിച്ച് അമ്മയ്ക്കൊപ്പം സമീപത്തുള്ള ബന്ധുവിന്റെ വീട്ടിൽ ആർച്ച അഭയം തേടി. വീട്ടിലെ വൈദ്യുതി വയറുകൾ കത്തിനശിച്ചു. അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. ആർച്ചയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു.