അരൂർ: കേരളകൗമുദി എഴുപുന്ന ഏജന്റ് ഫിലോമിന റാഫേലിനെയും മക്കളെയും പേരക്കുട്ടികളെയും ട്യൂട്ടോറിയൽ ഉടമ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം വീടുകയറി മർദ്ദിച്ചു. പരിക്കേറ്റ ഇവരെ അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫിലോമിന റാഫേലിന്റെ മക്കളായ റെജി, റോജി, പേരക്കുട്ടികളായ റയൻ (5), റയ്ന (2) എന്നിവർക്കാണ് മർദ്ദനമേറ്റത്. വീടിന് മുന്നിലുള്ള ട്യൂട്ടോറിയൽ കോളേജിൽ, കൊറോണ സംബന്ധിച്ച സർക്കാർ ഉത്തരവ് ലംഘിച്ച് ക്ലാസുകൾ നടത്തുന്നതായി കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതാണ് ആക്രമണത്തിന് കാരണം. അനധികൃത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂട്ടോറിയൽ ഇതേത്തുടർന്ന് അധികൃതർ അടപ്പിച്ചു. ട്യൂട്ടോറിയൽ നടത്തുന്ന മാത്യു കുര്യാക്കോസും കണ്ടാലറിയാവുന്ന ഒൻപതു പേരും വീട്ടിൽ അതിക്രമിച്ച് കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇനിയും പരാതി നൽകിയാൽ ജീവനോടെ വച്ചേക്കില്ല എന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. അരൂർ പൊലീസ് മാത്യുവിനും സംഘത്തിനുമെതിരെ കേസെടുത്തു. പ്രതികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.